Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
കൊച്ചി കപ്പല്‍ശാലയില്‍ സ്‌ഫോടനം: അഞ്ചു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരുക്ക്. അട്ടിമറിയല്ലെന്ന് പൊലീസ്‌
reporter

കൊച്ചി : കൊച്ചിയിലെ കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. വൈപ്പിന്‍ സ്വദേശി റംഷാദ്, പത്തനംതിട്ട സ്വദേശി കെവിന്‍ എന്നിവരാണു മരിച്ച മലയാളികള്‍. മൂന്നു മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണ്. കപ്പലിനുള്ളില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എന്‍.പി.ദിനേശ് അറിയിച്ചു.

എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന 46 വര്‍ഷം പഴക്കമുള്ള സാഗര്‍ ഭൂഷണ്‍ എന്ന ഒഎന്‍ജിസി കപ്പലില്‍ ഇന്നു രാവിലെ പത്തോടെയാണ് പൊട്ടിത്തെറിയുണ്ടായത്. പരുക്കേറ്റു മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലുള്ള നാലു പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. തൊണ്ണൂറു ശതമാനത്തോളം പൊള്ളലേറ്റ ഇയാള്‍ തീവ്രപരിചരണവിഭാഗത്തിലാണ്. മറ്റു മൂന്നുപേരും അത്യാഹിത വിഭാഗത്തില്‍ ചികില്‍സ തേടുന്നു. കപ്പല്‍ശാലയിലെ ഡ്രൈഡോക്കിലായിരുന്നു അപകടം. ഇവിടെയെത്തിച്ച കപ്പലിന്റെ ബല്ലാസ്റ്റ് ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. കപ്പലിന്റെ 'സ്ഥിരത' നിലനിര്‍ത്തുന്നതിനു വേണ്ടി മുന്നിലും പിന്നിലും ടാങ്കുകളില്‍ വെള്ളം നിറയ്ക്കാറുണ്ട്. അതില്‍ മുന്നിലെ ടാങ്കിലായിരുന്നു അപകടം. എന്നാല്‍ എങ്ങനെയാണു പൊട്ടിത്തെറിയുണ്ടായതെന്നു വ്യക്തമായിട്ടില്ല. അറ്റകുറ്റപ്പണി സമയത്ത് ടാങ്കിനു സമീപത്തുണ്ടായിരുന്ന ജീവനക്കാരാണു കൊല്ലപ്പെട്ടത്.

പൊട്ടിത്തെറിയെത്തുടര്‍ന്നുണ്ടായ പുക കാരണമാണു മരണസംഖ്യ കൂടിയതെന്ന് പൊലീസ് കമ്മിഷണര്‍ പറഞ്ഞു. ഇവരില്‍ ഗുരുതരമായി പരുക്കേറ്റ അഞ്ചു പേരാണു മരിച്ചത്. രണ്ടു പേര്‍ കപ്പലില്‍ കുടുങ്ങിയതായി പ്രാഥമിക വിവരമുണ്ടായിരുന്നു. ഇവരെ രക്ഷിച്ചതായും കമ്മിഷണര്‍ അറിയിച്ചു. തീ അണച്ച് അപകടം നിയന്ത്രണവിധേയമാക്കിയതായും കമ്മിഷണര്‍ വ്യക്തമാക്കി. അപകടം സംബന്ധിച്ച് കപ്പല്‍ശാലയില്‍ നിന്നുള്ള ഔദ്യോഗിക വിവരം ഇതുവരെ ലഭ്യമായിട്ടില്ല.

 
Other News in this category

 
 




 
Close Window