പൊതുഗതാഗത സംവിധാനങ്ങളില്‍ പുരുഷന്മാരുടെ അതിക്രമങ്ങളെ കുറിച്ചുള്ള പരാതികള്‍ക്ക് ഒരു ശമനവുമില്ല. ഇതിനിടെയാണ് സ്ത്രീകള്‍ തന്നെ സ്ത്രീകളുടെ സ്വകാര്യതയെ തകര്‍ക്കുന്നുവെന്ന പരാതി ഉയര്‍ന്നത്. റെയില്‍വേയില്‍ സ്ത്രീ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് വനിതാ കോച്ചുകള്‍ ആരംഭിച്ചത്. എന്നാല്‍, ഇതേ വനിതാ കോച്ചുകളില്‍ ഒന്നില്‍ വച്ച് ഒരു സ്ത്രീ മറ്റ് വനിതാ യാത്രക്കാരുടെ ചിത്രങ്ങളും വീഡിയോകളും രഹസ്യമായി ചിത്രീകരിച്ചെന്ന പരാതി ഉയര്‍ന്നത്. ട്രെയിനിലെ ജനറല്‍ കോച്ചുകളേക്കാള്‍ സുരക്ഷിതമായ ഓപ്ഷനാണ് വനിതാ കമ്പാര്‍ട്ടുമെന്റെന്ന് കരുതിയാണ് മിക്ക സ്ത്രീകളും അതില്‍ കയറുന്നത്. എന്നാല്‍ ആ സുരക്ഷാബോധം തകര്‍ന്നാല്‍? സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഉയര്‍ത്തുന്നതും ഇതേ ആശങ്കയാണ്.
ലോക്കല്‍ ട്രെയിനിലെ തിരക്കേറിയ ഒരു വനിതാ കമ്പാര്‍ട്ടുമെന്റിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ കൃത്യമായ സ്ഥലമോ ട്രെയിനോ റൂട്ടോ വെളിപ്പെടുത്തിയിട്ടില്ല. സുരക്ഷിതമായ യാത്രാ അന്തരീക്ഷം നല്‍കുമെന്ന് വിശ്വസിച്ചാണ് രണ്ട് സ്ത്രീകള്‍ വനിതാ കോച്ചില്‍ കയറിയത്. എന്നാല്‍, ഈ സമയം കോച്ചിന്റെ തറയില്‍ ഇരിക്കുകയായിരുന്ന മറ്റ് രണ്ട് സ്ത്രീകള്‍ യുവതികളുടെ ചിത്രം പകര്‍ത്തി. എന്നാല്‍. ഇത് ചോദ്യം ചെയ്തപ്പോള്‍ എടുത്ത ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പോലും സ്ത്രീകള്‍ തയ്യാറായില്ലെന്ന് യുവതികള്‍ വീഡിയോയില്‍ ആരോപിക്കുന്നു. വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ തങ്ങളുടെ മെബൈലില്‍ എന്തോക്കെയോ പരതുന്നത് കാണാം. മറ്റൊരാളുടെ അനുമതിയില്ലാതെ എങ്ങനെയാണ് ചിത്രം പകര്‍ത്തിയതെന്ന ചോദ്യത്തിനും അവര്‍ മറുപടി പറയുന്നില്ല. സ്ത്രീകള്‍ ചിത്രീകരിച്ച ഫോട്ടോകള്‍ യുവതികളുടെ നെഞ്ച്, അരക്കെട്ട്, പാവാടയ്ക്ക് താഴെ എന്നിവയുള്‍പ്പെടെയുള്ള സ്വകാര്യ ഭാഗങ്ങളുടെയാണെന്ന് ഘര്‍ കെ കലേഷ് എന്ന ജനപ്രിയ അക്കൗണ്ടില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു. തങ്ങള്‍, ചിത്രമെടുത്ത സ്ത്രീകളെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് യാത്രക്കാരാരും സംഭവത്തില്‍ ഇടപെട്ടില്ലെന്നും യുവതികള്‍ ആരോപിച്ചു.
വീഡിയോ വൈറലായതിന് പിന്നാലെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള ചോദ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇരകളും വേട്ടക്കാരും ഒന്നിച്ചെന്നായിരുന്നു ഒരു കുറിപ്പ്. ഫോട്ടോ എടുത്ത സ്ത്രീകള്‍ അവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് വനിതാ കംമ്പാര്‍ട്ട്‌മെന്റില്‍ കയറിയതെന്നായിരുന്നു മറ്റ് ചിലര്‍ എഴുതിയത്. സ്ത്രീകള്‍ക്കെതിരെ നിയമനടപടി വേണമെന്നും ഒരാളുടെ സമ്മതമില്ലാതെ ഫോട്ടോയോ വീഡിയോയോ പകര്‍ത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നും മറ്റ് ചിലര്‍ എഴുതി. ഇത്തരും സ്ത്രീകളെക്കാള്‍ പെണ്‍കുട്ടികള്‍ അവരുടെ പുരുഷ സുഹൃത്തുക്കള്‍ക്കിടെയില്‍ 100 ശതമാനം സുരക്ഷിതരായിരിക്കുമെന്ന് മറ്റ് ചിലര്‍ എഴുതി. ആര് ഫോട്ടോ എടുത്തുവെന്നല്ല. ഫോട്ടോ എടുത്തോ എന്നത് മാത്രമാണ് ഇവിടെ പ്രശ്‌നമെന്നായിരുന്നു മറ്റൊരു കുറിപ്പ്.