സ്വപ്നം കാണുന്നത് പോലൊരു വീട് സ്വന്തമാക്കാനുള്ള ഭാഗ്യം തേടിയെത്തുകയെന്ന് പറയുന്നത് വളരെ വലിയൊരു കാര്യമാണ്. അത്തരത്തില്‍ സ്വപ്നം കണ്ടതിനേക്കാള്‍ മനോഹരമായ ഒരു വീട് തനിക്ക് നിര്‍മ്മിച്ചു നല്‍കിയ കരാറുകാരനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് വ്യവസായിയായ വീട്ടുടമസ്ഥന്‍. തനിക്ക് നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ ഗുണനിലവാരം, ഡെലിവറി വേഗത, ചെറിയ കാര്യങ്ങളില്‍ പോലും പുലര്‍ത്തിയ സൂക്ഷ്മത എന്നിവയൊക്കെ പരിഗണിച്ച് കൊണ്ട് തന്റെ കരാറുകാരന് ഒരു കോടി രൂപ വിലമതിക്കുന്ന ഒരു റോളക്‌സ് വാച്ച് ആണ് പഞ്ചാബില്‍ നിന്നുള്ള വ്യവസായി കൂടിയായ ഗുര്‍ദീപ് ദേവ് ബാത്ത് സമ്മാനിച്ചത്.
തന്നെ തേടിയെത്തിയ അപ്രതീക്ഷിത ഭാഗ്യത്തില്‍ അത്ഭുതപ്പെട്ട് നില്‍ക്കുകയാണ് ഇപ്പോഴും കരാറുകാരനായ രാജീന്ദര്‍ സിംഗ് രൂപ. സിരാക്പൂരിലെ 9 ഏക്കര്‍ എസ്റ്റേറ്റിലാണ് പരമ്പരാഗത രാജസ്ഥാനി കോട്ടയോട് സാമ്യമുള്ള വീട് നിര്‍മ്മിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ഇപ്പോള്‍ ഈ വാര്‍ത്ത വൈറലാണ്. റോളക്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം യെല്ലോ റോള്‍സര്‍ (ടു-ടോണ്‍) മെറ്റീരിയലില്‍ ഉള്ള, ജൂബിലി ബ്രേസ്ലെറ്റ്, ഷാംപെയ്ന്‍ ഡയല്‍ എന്നിവയുടെ കോണ്‍ഫിഗറേഷനുകളോട് കൂടിയ ഓയ്സ്റ്റര്‍ പെര്‍പെച്വല്‍ സ്‌കൈ-ഡ്വെല്ലറിന്റെ വിപണി വില ഏകദേശം ഒരു കോടി രൂപയാണ്.
കോട്ടയ്ക്ക് സമാനമായ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ വീട് പൂര്‍ണമായും വെള്ള നിറത്തിലാണ്. നാല് ചുറ്റിലും വലിയ മതില്‍ കൊണ്ട് സംരക്ഷണം തീര്‍ത്തിട്ടുണ്ട്. വീടിന് ചുറ്റും മരങ്ങളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുകയും ഒപ്പം അവയ്ക്ക് നടുവില്‍ ഒരു ജലധാരയും സജ്ജീകരിച്ചിട്ടുണ്ട്. വീടിന്റെ പ്രവേശന കവാടത്തില്‍ തന്നെ ആദ്യത്തെ ആകര്‍ഷണം അവിടെ സ്ഥാപിച്ചിട്ടുള്ള ഗര്‍ജിക്കുന്ന രണ്ട് സിംഹങ്ങളുടെ രൂപമാണ്. വിശാലമായ ഹാളുകളും പ്രൗഢഗംഭീരമായ വാസ്തുവിദ്യാ സവിശേഷതകളും കൊട്ടാര സമാനമായ വീടിനുണ്ട്. ഒരു ദിവസം 200 -ലധികം തൊഴിലാളികള്‍ പണിയെടുത്ത് രണ്ട് വര്‍ഷം കൊണ്ടാണ് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ആര്‍ക്കിടെക്റ്റ് രഞ്‌ജോദ് സിംഗ് രൂപയാണ് ഗുര്‍ദീപ് ദേവ് ബാത്തിന്റെ സ്വപ്ന ഭവനം രൂപകല്‍പന ചെയ്തത്.