22 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികള്‍ അടക്കം വിദ്യാഭ്യാസ-വാണിജ്യ-വ്യവസായ മേഖലകളിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ ഇന്ത്യയിലേക്ക്. കൂടുതല്‍ ദീര്‍ഘകാല കരാറുകള്‍ ഒപ്പുവയ്ക്കുകയാണ് ലക്ഷ്യം. 22 ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിലെ പ്രതിനിധികള്‍, യൂണിവേഴ്സിറ്റീസ് യു കെ ഇന്റര്‍നാഷണല്‍, വിദ്യാഭ്യാസ വകുപ്പ്, അന്താരാഷ്ട്ര വ്യാപാര വകുപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എന്നിവരാണ് സംഘത്തിലുള്ളത്. ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചു തിരികെ പോയതിനു പിന്നാലെയാണ് സംഘം ഇന്ത്യയിലെത്തുന്നത്. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുകയാണ് ലക്ഷ്യം. ട്രാന്‍സ് നാഷണല്‍ എഡ്യുക്കേഷന്‍, ഡ്യൂവല്‍ ഡിഗ്രി (ഇരട്ട ബിരുദം), അറിവിന്റെയും വൈദഗ്ധ്യത്തിന്റെയും പങ്കുവയ്ക്കല്‍ തുടങ്ങി അനവധി പദ്ധതികളാണ് വിദ്യാഭ്യാസ രംഗത്ത് ഇരു രാഷ്ട്രങ്ങളും ഒത്തൊരുമിച്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 2020- ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി തുറന്നുകിട്ടിയ അവസരങ്ങള്‍ എല്ലാം പരമാവധി ഉപയോഗിക്കുവാന്‍ പോവുകയാണെന്ന് യു കെ ഗവണ്മെന്റിന്റെ ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ചാമ്പ്യന്‍ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ഇതിനായി ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ പല ഉന്നത ഉദ്യോഗസ്ഥന്മാരുമായും ഇതിനോടകം പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായും അദ്ദേഹം അറിയിച്ചു. വരുന്ന നാലു ദിവസങ്ങളില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന ബ്രിട്ടീഷ് സംഘം പത്തോളം സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും പരസ്പര പങ്കാളിത്തത്തോടെയുള്ള വിവിധ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യും. 2019-ല്‍ സന്ദര്‍ശനത്തിനെത്തിയ സംഘം, അതിനുശേഷം ഉഭയകക്ഷി ബന്ധത്തില്‍ ഉണ്ടായ പുരോഗതികളുടെ രേഖകളും പുറത്തിറക്കും. ശാസ്ത്രം, ഗവേഷണം, നവാശയങ്ങള്‍ (ഇന്നോവേഷന്‍), എന്നീ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയിലുള്ള പദ്ധതികള്‍ക്കായിരിക്കും രൂപം നല്‍കുക. ഒപ്പം ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ നേരിടാന്‍ യോജിച്ചു പ്രവര്‍ത്തിക്കുവാനും ഇരു രാജ്യങ്ങളും മുന്നിട്ടിറങ്ങും. കൂടാതെ ഇന്ത്യന്‍ വ്യവസായ മേഖലയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികള്‍ ശ്രമിക്കുന്നുണ്ട്. അതിനുള്ള അവസരങ്ങളും ഈ സന്ദര്‍ശനവേളയില്‍ അവര്‍ തേടും. ഇരു രാജ്യങ്ങളിലേക്കും റിക്രൂട്ട്മെന്റുകള്‍ നടത്തുക, വിദ്യാഭ്യാസ അവസരങ്ങള്‍ ഒരുക്കുക തുടങ്ങിയ കാര്യങ്ങളായിരിക്കും ഈ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ നേടുന്ന ചര്‍ച്ചാവിഷയങ്ങള്‍.