നിത്യാനന്ദയുടെ രാജ്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ ദ വാഷിംഗ്ടണ്‍ പോസ്റ്റ് പ്രതിനിധിയുമായി പങ്കുവച്ച് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ പ്രസ് സെക്രട്ടറി. കൈലാസയെ കുറിച്ച് വിശദീകരിക്കാമോ , എങ്ങനെയാണ് രാജ്യം പ്രവര്‍ത്തിക്കുന്നത്, എന്തുകൊണ്ടാണ് യുഎന്‍ ഉള്‍പ്പെടെ കൈലാസയെ അംഗീകരിക്കാത്തത് തുടങ്ങിയ അഞ്ച് ചോദ്യങ്ങള്‍ക്കാണ് പ്രസ് സെക്രട്ടറി ഉത്തരം പറഞ്ഞത്.
ചോദ്യം : കൈലാസയ കുറിച്ച് കൂടുതല്‍ പറയാമോ ? എവിടെയാണ് ഇത് സ്ഥിതി ചെയ്യുന്നത് ? ജനസംഖ്യ എത്ര ? 100% ഹൈന്ദവ സമുദായമാണോ ? രാഷ്ട്ര ഭാഷയോ ദേശീയ ഗാനമോ ഉണ്ടോ ?
ഉത്തരം : പുരാതന ഹൈന്ദവ സംസ്‌കാരത്തിന്റെ പുനരുദ്ധാരണമെന്ന നിലയില്‍, യുഎന്‍ അംഗീകൃത എന്‍ജിഒകളുടെ സഹായത്തോടെ വിവിധ രാജ്യങ്ങളില്‍ ഇരുന്ന പ്രവര്‍ത്തിക്കുന്ന രാജ്യമാണ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ. സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ടയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന അതിര്‍ത്തിരഹിത സേവനബന്ധരായി പ്രവര്‍ത്തിക്കുന്ന രാജ്യമാണ് ഇത്. കൂടുതല്‍ വിവരങ്ങള്‍ക്കായി www.kailaasa.org സന്ദര്‍ശിക്കുക.
ചോദ്യം : എങ്ങനെയാണ് രാജ്യം പ്രവര്‍ത്തിക്കുന്നത് ? ജനനസര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് പോലെ മറ്റ് ഔദ്യോഗിക രേഖകള്‍ നല്‍കുന്നുണ്ടോ ? എങ്ങനെയാണ് രാഷ്ട്രീയ സംവിധാനം ? തെരഞ്ഞെടുപ്പ് നടക്കാറുണ്ടോ ? ലോകത്ത് കൈലാസയ്ക്ക് എംബസികളോ നയതന്ത്ര ഉദ്യോഗസ്ഥരോ ഉണ്ടോ ? ഉണ്ടെങ്കില്‍ എവിടെ ?
ഉത്തരം : സോവറിന്‍ ഓര്‍ഡര്‍ ഓഫ് മാള്‍ട്ട പ്രവര്‍ത്തിക്കുന്നത് പോലെ വിവിധ രാജ്യങ്ങളിലുള്ള എന്‍ജിഒകള്‍, ക്ഷേത്രങ്ങള്‍ എന്നിവയിലൂടെയാണ് കൈലാസ പ്രവര്‍ത്തിക്കുന്നത്.
ചോദ്യം : യുഎന്‍ എന്തുകൊണ്ടാണ് കൈലാസ വ്യാജമാണെന്ന് പറഞ്ഞ് അംഗീകാരം നല്‍കാത്തത് ? ഏതെങ്കിലും രാജ്യം കൈലാസയെ അംഗീകരിച്ചിട്ടുണ്ടോ ?
ഉത്തരം : മുന്‍പ് പറഞ്ഞ ഉത്തരങ്ങള്‍ നോക്കുക.
ചോദ്യം : പീഡനക്കേസ് പ്രതിയാണ് നിത്യാനന്ദ പരമശിവം. ഇതെ കുറിച്ച് എന്താണ് പറയാനുള്ളത് ?
ഉത്തരം : ഇത്തരം ആരോപണങ്ങളെല്ലാം തീര്‍ത്തും തെറ്റാണ്. പല പ്രമുഖ മനുഷ്യാവകാശ അഭിഭാഷകരും ഇത് സാക്ഷ്യപ്പെടുത്തുന്ന സ്വതന്ത്ര റിപ്പോര്‍ട്ടുകളും നിയമപരമായ അഭിപ്രായങ്ങളും നല്‍കിയിട്ടുണ്ട്. അക്കൂട്ടത്തില്‍ യുകെയില്‍ നിന്നുള്ള ലോകപ്രശസ്ത ക്വീന്‍സ് കൗണ്‍സിലുമുണ്ട്. '2010-ല്‍ അദ്ദേഹത്തിനെതിരെ ആദ്യം പീഡനപരാതി ഉന്നയിക്കുകയും നിയമനടപടി ദുരുപയോഗം ചെയ്യുന്നതിന് തുല്യമായ രീതിയില്‍ അദ്ദേഹത്തെ വേട്ടയാടുകയും ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലെയും പ്രോസിക്യൂഷന്‍ തെളിവുകളുടെ അവസ്ഥ ദുര്‍ബലമാണെന്നും ഒടുവില്‍ അദ്ദേഹം കുറ്റവിമുക്തനാക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിനെതിരായ പോലീസ് നടപടിയെ പ്രോത്സാഹിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നത് പ്രത്യേകിച്ചും ആശങ്കാജനകമാണ്. അവസാനമായി, 'മുകളില്‍ വിശദീകരിച്ച കാരണങ്ങളാല്‍, ഐസിസിപിആറിന്റെ ആര്‍ട്ടിക്കിള്‍ 18 ന് വിരുദ്ധമായി, എസ്എംടിയുടെ നേതാവും അദ്ദേഹത്തിന്റെ അനുയായികളും കഷ്ടപ്പാടുകള്‍ അനുഭവിക്കുകയും ഇപ്പോഴും മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പീഡനം അനുഭവിക്കുകയും ചെയ്തുവെന്ന് ഞാന്‍ കരുതുന്നു'-അദ്ദേഹം പറഞ്ഞതിങ്ങനെ.
ചോദ്യം : നെവാര്‍ക്ക് സര്‍ക്കര്‍ അഗ്രിമെന്റില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. കൈലാസ എങ്ങനെയാണ് ഇതിനോട് പ്രതികരിക്കുന്നത്
ഉത്തരം : ഞങ്ങളുടെ ലക്ഷ്യത്തില്‍ ഞങ്ങള്‍ ഉറച്ച് നില്‍ക്കുകയാണ്. ലോകസമാധാനത്തിനുള്ള ഞങ്ങളുടെ ഉദ്ദേശത്തോട് ഞങ്ങള്‍ പ്രതിബദ്ധരാണ്. |