സിഗരറ്റ് വലിക്കുന്നതിനിടെ ദേശീയ ഗാനത്തെയും പതാകയെയും അനാദരിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളുടെ വീഡിയോയാണ് സൈബര്‍ ഇടങ്ങളില്‍ പ്രചരിക്കുന്നത്. ദേശീയഗാനത്തെ പരിഹസിക്കുകയും സിഗരറ്റിനോട് താരതമ്യം ചെയ്യുകയും ചെയ്യുന്ന വീഡിയോയാണ് പെണ്‍കുട്ടികള്‍ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തത്.
സിഗരറ്റ് പിടിച്ച് ഇരുന്നുകൊണ്ട് തെറ്റായ വരികള്‍ ഉപയോഗിച്ച് പെണ്‍കുട്ടികള്‍ ദേശീയഗാനം ആലപിക്കുന്നതാണ് വൈറലായ വീഡിയോ. ഇരുവര്‍ക്കുമെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംഭവം വിവാദമായതോടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഡിലീറ്റ് ചെയ്ത് തടിതപ്പാനുള്ള ശ്രമത്തിലാണ് ഇവര്‍.
എന്നാല്‍ ഇരുവര്‍ക്കുമെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി. പെണ്‍കുട്ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ അത്രായി ഹാല്‍ദര്‍ ലാല്‍ബസാര്‍ സൈബര്‍ സെല്ലിലും ബാരക്പൂര്‍ കമ്മീഷണറേറ്റിലും പരാതി നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്. പരാതിയെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാത്തവരാണെന്നാണ് റിപ്പോര്‍ട്ട്. |