പരീക്ഷ പേടിയെ മനശ്ശക്തികൊണ്ട് മറികടക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന പരീക്ഷ പേ ചര്‍ച്ചയുടെ ഏഴാം പതിപ്പിലാണ് മോദി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. പരീക്ഷയുടെ സമ്മര്‍ദ്ദമില്ലാതാക്കി വിദ്യാര്‍ഥികള്‍ക്ക് മനക്കരുത്തുണ്ടാക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയാണ് പരീക്ഷ പേ ചര്‍ച്ച.
സഹവിദ്യാര്‍ഥികളുമായോ സഹോദരങ്ങളുമായോ ഒരു പരിധിക്കപ്പുറമുള്ള താരതമ്യപ്പെടുത്തല്‍ കുട്ടികളുടെ മാനസികാരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അതിനാല്‍ രക്ഷകര്‍ത്താക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.മാനസിക സമ്മര്‍ദം വര്‍ധിക്കുന്നതിനൊപ്പം അതിനെ മറികടക്കാന്‍ വ്യക്തി ഒരുങ്ങിയിരിക്കണമെന്നും അതിനുവേണ്ടി മുന്‍കൂറായിത്തന്നെ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു. |