ലണ്ടന്‍: യുകെയിലെ ഇ-കോളി ബാധ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നമാണെന്ന് മുന്നറിയിപ്പ് നല്കി ആരോഗ്യ വിദഗ്ധര്‍. മാരകമായ ബാക്ടീരിയ പിടിപെട്ടതിന്റെ ഫലമായി മരണങ്ങള് സംഭവിച്ചതായുള്ള സ്ഥിരീകരണവും ഇതോടൊപ്പം പുറത്തുവന്നിട്ടുണ്ട്. ഇംഗ്ലണ്ടില്‍ നിലവിലെ ബാക്ടീരിയ ബാധിച്ച് 28 ദിവസത്തിനകം രണ്ട് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു. എന്നാല്‍ ഷിഗാ ടോക്സിന് ഉത്പാദിപ്പിക്കുന്ന ഇ-കോളി (സ്റ്റെക്) ഇന്ഫെക്ഷന് ഇതിലൊരാള്‍ക്കാണ് പിടിപെട്ടിട്ടുള്ളതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ലെറ്റൂസില്‍ നിന്നും പകര്‍ന്ന രോഗബാധ മൂലം ചുരുങ്ങിയത് 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
നിലവിലെ പകര്‍ച്ചവ്യാധി ഗുരുതരമായ പൊതുജന ആരോഗ്യ പ്രശ്നമാണെന്ന് റീഡിംഗ് യൂണിവേഴ്സിറ്റി മൈക്രോബയോളജി ലെക്ചറര്‍ ഡോ. എയ്ഡന്‍ ടെയ്ലര് പറഞ്ഞു. ഇതിനെതിരെ ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 'ഇ-കോളി, മറ്റ് ഭക്ഷണങ്ങളില്‍ നിന്നുള്ള ഇന്ഫെക്ഷനുകള് ഒഴിവാക്കാന്‍ ഉത്പന്നങ്ങള്‍ വൃത്തിയായി കഴുകുകയും, മാംസം കൃത്യമായി പാകം ചെയ്യുകയും, ഒപ്പം അടുക്കളയില്‍ ശുചിത്വം പാലിക്കുകയും വേണം. ലെറ്റൂസ് പോലുള്ളവ നിര്‍മ്മാതാക്കള്‍ കഴുകുന്നുണ്ടെങ്കിലും ഇത് ഇ കോളി പോലുള്ള ബാക്ടീരിയകള്‍ ഒഴിവാക്കുന്നതില്‍ പൂര്‍ണ്ണമായി ഗുണം ചെയ്യുന്നില്ല. വളരെയധികം ബാക്ടീരിയകള്‍ ഉള്ള ഉത്പന്നങ്ങളില്‍ ഇത് തുടരുകയും ചെയ്യും. അതിനാല്‍ വീടുകള്‍ ഇവ നല്ല രീതിയില്‍ കഴുകണം. റെഡി ടു ഈറ്റ് ഭക്ഷണങ്ങളായ സാന്ഡ്വിച്ച്, സലാഡ് എന്നിവയില്‍ നിര്‍മ്മാതാക്കളെ വിശ്വസിക്കുകയേ മാര്‍ഗ്ഗമുള്ളൂ', ഡോ. ടെയ്ലര് പറഞ്ഞു.