അനുഗ്രഹം ചൊരിഞ്ഞ് കാലാവസ്ഥ അനുകൂലമായി നിന്നപ്പോള്‍ വാരിംഗ്ടണ്‍ വിക്ടോറിയ പാര്‍ക്ക് സ്റ്റേഡിയത്തില്‍ വച്ച് നടന്ന യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള തികച്ചും ആവേശം നിറഞ്ഞ ഒന്നായിരുന്നു. രാവിലെ ഒന്‍പതു മണിക്ക് റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെയും കോര്‍ഡിനേറ്റര്‍ സനോജ് വര്‍ഗ്ഗീസിന്റെയും നേതൃത്വത്തില്‍ രജിസ്ട്രേഷനോടുകൂടി ആരംഭിച്ച് 10 മണിക്ക് മാര്‍ച്ച് പാസ്റ്റോടെ ട്രാക്കും ഫീല്‍ഡും ഒരേസമയം മല്‍സരങ്ങളിലേക്ക് പ്രവേശിക്കുകയായിരുന്നു.
റീജിയണല്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്ഘാടന സമ്മേളനത്തില്‍ സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് റീജിയണല്‍ ഭാരവാഹികളുടെ സാന്നിധ്യത്തില്‍ യുക്മ നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജോ വര്‍ഗീസ് കായികമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയുണ്ടായി. യുക്മ പി ആര്‍ ഒ അലക്സ് വര്‍ഗീസ്, റീജിയനല്‍ ട്രഷറര്‍ ബിജു മാനുവല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
167 പോയിന്റ് നേടി റീജിയണല്‍ ഓവറോള്‍ ചാമ്പ്യന്‍ പട്ടം ആതിഥേയ അസോസിയേഷനായ വാറിങ്ടണ്‍ മലയാളി അസോസിയേഷന്‍ കരസ്ഥമാക്കിയപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ രണ്ടാം സ്ഥാനക്കാരായ വിഗന്‍ മലയാളി അസോസിയേഷന്‍ 103 പോയിന്റ് നേടി തങ്ങളുടെ റണ്ണര്‍ അപ്പ് സ്ഥാനം നിലനിര്‍ത്തി. 80 പോയിന്റ് നേടി മൂന്നാം സ്ഥാനം കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്മാരായ ഫ്രണ്ട്സ് ഓഫ് പ്രസ്റ്റണ്‍ കരസ്ഥമാക്കി. യുക്മ റീജണല്‍ കായികമേളയില്‍ അരങ്ങേറ്റം കുറിച്ച ക്രൂ മലയാളി അസോസിയേഷന്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചുകൊണ്ട് വിവിധ സമ്മാനങ്ങള്‍ കരസ്ഥമാക്കി എന്നതും ശ്രദ്ധേയമായി.
ട്രാക്ക് വിഭാഗങ്ങള്‍ക്ക് യുക്മ നാഷണല്‍ വൈസ് പ്രസിഡണ്ട് ഷീജോ വര്‍ഗ്ഗീസും റീജിയണല്‍ ജോയിന്റ് ട്രഷറര്‍ ടോസി സക്കറിയയും നല്‍കിയപ്പോള്‍ ഫീല്‍ഡ് ഐറ്റങ്ങള്‍ക്ക് റീജിയണല്‍ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ തങ്കച്ചന്‍ എബ്രഹാം, റീജിയണല്‍ സെക്രട്ടറി ബെന്നി ജോസഫ്, ജോയിന്റ് സെക്രട്ടറി എല്‍ദോസ് സണ്ണി എന്നിവരും നേതൃത്വം നല്‍കി.
അത്യന്തം വാശിയേറിയ വടംവലി മത്സരത്തിന്റെ ഫൈനലില്‍ ഓള്‍ഡാം മലയാളി അസോസിയേഷനെ പരാജയപ്പെടുത്തി ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ വിജയികളായി. വാറിംഗ്ടണ്‍ മൂന്നാമതെത്തി. വടംവലി മത്സരം പുഷ്പരാജ് അമ്പലവയല്‍ നിയന്ത്രിച്ചു.
വൈകിട്ട് നടന്ന സമ്മാനദാന സമ്മേളനം യുക്മ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ചാമ്പ്യന്‍ അസോസിയേഷന് ലൈജു മാനുവല്‍ ട്രോഫി കൈമാറി. വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ ഫിലിപ്പ് പുത്തന്‍പുരയ്ക്കല്‍, വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സ്പോര്‍ട്സ് കോ- ഓഡിനേറ്റേഴ്സ് ആയ അഭിരാമും എല്‍ദോ എന്നിവര്‍ കായിക മേളക്ക് എല്ലാവിധ സഹായ സഹകരണങ്ങള്‍ നല്‍കി.
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള വന്‍ വിജയമാക്കി മാറ്റിയ എല്ലാവര്‍ക്കും റീജിയണ്‍ കമ്മിറ്റി നന്ദി രേഖപ്പെടുത്തി. |