യുകെയിലെ മലയാളി കലാപ്രതിഭകള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന 2024ലെ യുക്മ കലാമേളയുടെ പുതുക്കിയ നിയമാവലി യുക്മ ദേശീയ സമിതി പ്രസിദ്ധീകരിച്ചു. യുക്മ രൂപീകൃതമായതിന്റെ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന 2024 ല്‍, കലാമേള കൂടുതല്‍ ആകര്‍ഷകവും ചിട്ടയോടെയും നടത്തുവാനുള്ള തയ്യാറെടുപ്പുകളിലാണ് യുക്മ റീജിയണല്‍ നേതൃത്വങ്ങളും ദേശീയ നേതൃത്വവും.
2024-ലെ യുക്മ ദേശീയ കലാമേള, റീജിയണല്‍ കലാമേളകള്‍ എന്നിവയ്ക്ക് മുന്നോടിയായിട്ടാണ് കലാമേള മാനുവല്‍ (നിയമാവലി) പുതുക്കി പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ നിയമാവലിയില്‍ വേണ്ടതായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചാണ് ഈ വര്‍ഷത്തെ കലാമേള മാനുവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും നടക്കുന്ന കലാമേളയില്‍ നിന്നുമുള്ള പോരായ്മകള്‍ കാലോചിതമായി പരിഷ്‌കരിച്ചാണ് യുക്മ ദേശീയ സമിതി കലാമേള നിയമാവലി - 2024 പ്രസിദ്ധീകരിച്ചിരിക്കുന്നത്.
2023 കലാമേളയ്ക്കു ശേഷം ഈ രംഗത്തെ വിദഗ്ദരുടേയും, കലാമേളയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളുടേയും, പൊതു ജനങ്ങളുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പരിഗണിച്ച യുക്മ ദേശീയ സമിതി വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം, നിയമാവലി ഭേദഗതിക്കായി നിയോഗിച്ച കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് 2024 ലെ കലാമേള നിയമാവലി അംഗീകരിച്ചിരിക്കുന്നത്. ജയകുമാര്‍ നായര്‍ അദ്ധ്യക്ഷനായ കമ്മിറ്റിയില്‍ ഡോ.ബിജു പെരിങ്ങത്തറ, കുര്യന്‍ ജോര്‍ജ്, ഡിക്സ് ജോര്‍ജ്, ഷീജോ വര്‍ഗീസ്, ലീനുമോള്‍ ചാക്കോ, സ്മിതാ തോട്ടം, മനോജ് കുമാര്‍ പിള്ള, അലക്സ് വര്‍ഗീസ്, എബി സെബാസ്റ്റ്യന്‍, ലിറ്റി ജിജോ, സുരേന്ദ്രന്‍ ആരക്കോട്ട്, വര്‍ഗീസ് ഡാനിയേല്‍, സണ്ണിമോന്‍ മത്തായി തുടങ്ങിയവരുള്‍പ്പെട്ട കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് നിയമാവലി പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുതുക്കിയ കലാമേള നിയമാവലി ഇതിനോടകം റീജിയണുകള്‍ വഴി അസ്സോസിയേഷനുകളില്‍ എത്തിച്ചതായി യുക്മ ദേശീയ പ്രസിഡന്റും ദേശീയ കലാമേള ചെയര്‍മാനുമായ ഡോ. ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറിയും ദേശീയ കലാമേള ചീഫ് കോര്‍ഡിനേറ്ററുമായ കുര്യന്‍ ജോര്‍ജ്ജ്, യുക്മ ദേശീയ സമിതിയംഗവും ദേശീയ കലാമേള ജനറല്‍ കണ്‍വീനറുമായ ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
യുകെ മലയാളികളുടെ കലാപരമായ വളര്‍ച്ചക്കും വികാസത്തിനും ഒരു വേദിയൊരുക്കുകയെന്ന യുക്മ കലാമേളകളുടെ ലക്ഷ്യം മുന്‍നിര്‍ത്തി, കലാകാരന്റെ ക്രിയാത്മകതക്കും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും അതിര്‍വരമ്പുകള്‍ വെയ്ക്കാതെ, പ്രായോഗീകതയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് കലാമേള നിയമാവലി തയ്യാറാക്കിയിരിക്കുന്നതെന്ന് ജയകുമാര്‍ നായര്‍ വ്യക്തമാക്കി.
പരിഷ്‌ക്കരിച്ച കലാമേള നിയമാവലിയിലെ നിബന്ധനകളുടെ അടിസ്ഥാനത്തിലാകും റീജിയണല്‍, നാഷണല്‍ കലാമേളകളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുക. 2024 ഒക്ടോബര്‍ മാസം റീജിയണല്‍ കലാമേളകള്‍ പൂര്‍ത്തിയാക്കി നവംബര്‍ രണ്ടിന് ദേശീയ കലാമേളയും എന്ന രീതിയിലാണ് കലാമേള ഷെഡ്യൂള്‍ ക്രമീകരിച്ചിരിക്കുന്നത്.
വിവിധ റീജിയണുകളില്‍ നിന്നായി ആയിരത്തിലേറെ കലാകാരന്‍മാരും കലാകാരികളും പങ്കെടുക്കുന്ന യുക്മ ദേശീയ കലാമേള, ലോക പ്രവാസി മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ കലാ, സാംസ്‌കാരിക കൂടിച്ചേരലാണ്. കേരളത്തിലെ സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളെ മാതൃകയാക്കി നടത്തുന്ന യുക്മ ദേശീയ കലാമേള വീക്ഷിക്കുവാന്‍ എത്തുന്ന ആയിരക്കണക്കിന് കാണികള്‍ക്കും ഒരു ദൃശ്യ, ശ്രാവ്യ വിരുന്നായിരിക്കും ഒരുക്കുന്നത്. |