'മനോരഥങ്ങള്‍' സീരീസിന്റെ ട്രെയ്ലര്‍ ലോഞ്ചിനോടനുബന്ധിച്ച് നടന്ന സമ്മാനദാന ചടങ്ങില്‍ ആസിഫ് അലിയെ അപമാനിച്ചു എന്ന വിവാദത്തില്‍ മറുപടിയുമായി ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ രമേശ് നാരായണ്‍. സീരീസിലെ ചിത്രങ്ങളില്‍ ജയരാജ് സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിനു രമേശ് നാരായണ്‍ സംഗീതം നല്‍കിയിരുന്നു. ആസിഫിന്റെ കയ്യില്‍ നിന്നും നീരസത്തോടെ മെമെന്റോ സ്വീകരിക്കുകയും, ശേഷം സംവിധായകന്‍ ജയരാജിനെ വിളിച്ച് വരുത്തി ആ മെമെന്റോ കയ്യില്‍ വച്ച് കൊടുത്ത ശേഷം സ്വീകരിക്കുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയില്‍.
മെമെന്റോ നല്‍കി സീരീസിന്റെ ഭാഗമായി എല്ലാവരെയും ആദരിക്കുന്ന വേളയില്‍ വേദിയിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ല എന്നും, അതില്‍ വിഷമം തോന്നിയെന്നും രമേശ് നാരായണ്‍. തിരിച്ച് തിരുവനന്തപുരത്തേക്ക് വരേണ്ടിയിരുന്നതിനാല്‍, വര്‍ഷങ്ങളായി പരിചയമുള്ള എം.ടിയുടെ മകള്‍ അശ്വതിയോട് തന്റെ വിഷമം അറിയിച്ചെന്നും, അവരാണ് തിടുക്കത്തില്‍ തനിക്കും ഒരു മെമെന്റോ തരാന്‍ ഒരുക്കം കൂട്ടിയതെന്നും രമേശ് നാരായണ്‍. അപ്പോഴും വേദിയില്‍ കേട്ട പേര് സന്തോഷ് നാരായണന്‍ എന്നായിരുന്നു എന്നും അദ്ദേഹം പറയുന്നു. |