മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രാവിലെ മുതല്‍ ഊര്‍ജിതമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. സംസ്ഥാനം സജ്ജമാണ്. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്ഒപി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്സിംഗ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചു.
നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹോട്ടലുകള്‍ ഉള്‍പ്പെടെ കടകള്‍ രാവിലെ പത്ത് മുതല്‍ അഞ്ച് വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് ജില്ല കളക്ടര്‍ വി ആര്‍ വിനോദ് അറിയിച്ചു.
പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 214 പേരാണുള്ളത്. ഇതില്‍ അടുത്തിടപഴകിയ 60 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഇത് കൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകള്‍ ക്രമീകരിച്ചിട്ടുണ്ട്. റൂട്ട് മാപ്പ് പ്രസിദ്ധീകരിക്കും. ആ സ്ഥലങ്ങളില്‍ ആ സമയത്ത് ഉണ്ടായിരുന്നവര്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. |