ഒഐസിസി നോര്‍ത്തേണ്‍ അയര്‍ലന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ആന്റ്രിം സെന്റ് ജോസഫ് ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ ഒഐസിസി പ്രസിഡന്റ് ചെറിയാന്‍ സ്‌കറിയ അധ്യക്ഷത വഹിച്ചു. അനുസ്മരണ സമ്മേളനം കെപിസിസി വൈസ് പ്രസിഡന്റ് അഡ്വ. വിപി സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേരളത്തില്‍ ഏറ്റവും കൂടുതല്‍ വികസനം കൊണ്ടുവന്ന ഒരു നേതാവായിരുന്നു. അദ്ദേഹം കൊണ്ടു വന്ന സ്വപ്ന പദ്ധതികളായ കൊച്ചിന്‍ മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ എയര്‍പോര്‍ട്ട് എന്നിവ കേരളത്തിന് സമ്മാനിച്ച ജനകീയനായ ഉമ്മന്‍ ചാണ്ടിയെ കേരള ജനത ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം എന്നും പാവങ്ങളും സാധാരണക്കാരുടെയും നേതാവ് ആയിരുന്നെന്നും സജീന്ദ്രന്‍ പറഞ്ഞു.
യോഗത്തില്‍ സിറോ മലബാര്‍ സഭയുടെ ഫാ. ജെയിന്‍ മണ്ണത്തുക്കാരന്‍, ഒഐസിസി നേതാക്കളായ അനില്‍ കവലയില്‍, ഡോ. സനല്‍ എന്നിവര്‍ പ്രസംഗിച്ചു. വിന്‍സെന്റ് ചാവറ സ്വാഗതവും സനു ജോണ്‍ നന്ദിയും രേഖപ്പെടുത്തി. തുടര്‍ന്ന് പുഷ്പ്പാര്‍ച്ചനയും പായസം വിതരണവും നടത്തി സമ്മേളനത്തില്‍ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്തു. |