വയനാട് ചൂരല്‍മല മുണ്ടക്കൈയിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവന്‍ കവര്‍ന്നവരെ ഓര്‍ത്ത് ഒരേ മനസ്സോടെ തേങ്ങുകയാണ് മലയാളി മനസുകള്‍. അക്ഷരാര്‍ത്ഥത്തില്‍ നമ്മുടെ ഉള്ളുതകര്‍ത്ത ദുരന്തത്തില്‍ മലയാളികളുടെ ആകെ വികാരം നെഞ്ചേറ്റുകയാണ് മലയാള ദിനപത്രങ്ങള്‍ ചെയ്തത്. പത്രങ്ങളിലെ തലക്കെട്ടുകള്‍ ഒരേപോലെ വരിക എന്നത് വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ്. അതാണ് ഇന്നത്തെ പത്രങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.
അഞ്ച് മലയാള ദിനപത്രങ്ങള്‍ ദുരന്തത്തെ വിശേഷിപ്പിക്കാന്‍ ഒരേ തലക്കെട്ടാണ് നല്‍കിയത്. മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി, ജന്മഭൂമി, ദീപിക എന്നീ പത്രങ്ങളുടെ ആദ്യ പേജുകള്‍ 'ഉള്ളുപൊട്ടി' എന്ന തലക്കെട്ടോടെയാണ് ഇന്ന് പുറത്തിറങ്ങിയത്. ഇതേ തലക്കെട്ടിനോടൊപ്പം നില്‍ക്കുന്ന 'ഉള്ളുപൊട്ടല്‍' എന്ന തലക്കെട്ടാണ് ചന്ദ്രിക ഇന്ന് നല്‍കിയത്. |