150 രക്ഷാപ്രവര്‍ത്തകര്‍ നാല് സംഘങ്ങളായിട്ടാണ് ബുധനാഴ്ച രാവിലെ വയനാട്ടില്‍ ദുരന്തമുണ്ടായ മുണ്ടക്കൈയിലെത്തിയത്. മനുഷ്യമനസ്സ് മരവിക്കുന്ന ദൃശ്യങ്ങളാണ് അവര്‍ അവിടെ കണ്ടത്. കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടത് ഹൃദയം തകര്‍ക്കുന്ന കാഴ്ചയാണ്. മൃതദേഹങ്ങള്‍ പൂര്‍ണമായും മാറ്റാന്‍ കഴിഞ്ഞില്ല. ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുകയാണ്.
മണ്ണിലാണ്ടുപോയ വീടുകള്‍ക്കടിയില്‍ രക്ഷാസംഘം പരിശോധന തുടരുകയാണ്. വീടുകള്‍ക്കടുത്തെത്തുമ്പോള്‍ കിട്ടുന്ന മൃതദേഹത്തിന്റെ മണം പിടിച്ചാണ് പല വീടുകളും പൊളിച്ച് രക്ഷാസംഘം അകത്ത് കയറുന്നത്. എന്നാല്‍ ഓരോ വീടുകള്‍ക്കുള്ളിലും ഹൃദയഭേദകമായ കാഴ്ചകളാണ്.
എന്നാല്‍ ജെസിബി ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിക്കാനുള്ള പ്രയാസം തിരച്ചിലിന് തടസമായി. ഡോഗ് സ്‌ക്വാഡിനെ അടക്കം പ്രയോജനപ്പെടുത്തി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ തിരയുകയാണ് സംഘം. താല്‍ക്കാലിക പാലം നിര്‍മിച്ച ശേഷം രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാകും.
മണ്ണിനടിയില്‍പെട്ട ഒരു വീട്ടില്‍ നിന്ന് കസേരയില്‍ ഇരിക്കുന്ന നിലയിലാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്നവരും പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ ജീവന്‍നഷ്ടപ്പെട്ടവരുമെല്ലാം ഇവിടെയുണ്ട്. എന്നാല്‍ അവസാന നിമിഷവും രക്ഷപ്പെടാനായി ആവുന്നത്ര ശ്രമിച്ച് പരാജയപ്പെട്ട മനുഷ്യന്റെ നിസ്സഹായത ആ മൃതദേഹങ്ങളുടെ കണ്ണുകളിലുണ്ട്. |