ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് അഞ്ച് ശതമാനത്തിലേക്കുള്ള കുറവ് അമിത ആഹ്ലാദത്തിന് വകയില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍. കൂടുതല്‍ പലിശ നിരക്ക് കുറയ്ക്കലുകള്‍ സംഭവിക്കാത്ത പക്ഷം ആയിരക്കണക്കിന് ഭവനഉടമകള്‍ക്കും, ബിസിനസ്സുകള്‍ക്കും വിറ്റൊഴിയേണ്ട അവസ്ഥ നേരിടുന്നുണ്ട്. മഹാമാരിക്ക് മുന്‍പുള്ള കാലത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കിലേക്ക് മാറുമെന്നതിന്റെ സൂചനയായി നിലവിലെ വെട്ടിക്കുറയ്ക്കലിനെ കാണേണ്ടതില്ല.
മോണിറ്ററി പോളിസി യോഗത്തില്‍ 0.25 ശതമാനം പോയിന്റ് പലിശ കുറയ്ക്കാന്‍ നാലിനെതിരെ അഞ്ച് വോട്ടിന് മാത്രമാണ് വിജയം നേടിയതെന്ന് ആന്‍ഡ്രൂ ബെയ്ലി വ്യക്തമാക്കിയിരുന്നു. കൂടാതെ 2009 മുതല്‍ 2021 വരെ കാലയളവിലെ നിലയിലേക്ക് പലിശകള്‍ കുറയാനുള്ള സാധ്യത കുറവാണെന്നും ബാങ്ക് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2008 സാമ്പത്തിക പ്രതിസന്ധിക്ക് മുന്‍പുള്ള നിരക്കില്‍ റേറ്റുകള്‍ സ്ഥിരപ്പെടുമെന്നാണ് കരുതുന്നത്. ഇതോടെ മൂന്ന് വര്‍ഷം കൊണ്ട് ഏകദേശം 3.5 ശതമാനത്തില്‍ പലിശ നിരക്കുകള്‍ നിലയുറപ്പിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ സൂചന നല്‍കുന്നത്.