തൃശ്ശൂര്‍: 'ഈ നാട് ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്, ഇവിടത്തുകാരും. മികച്ച ജീവിതസാഹചര്യം, സാക്ഷരത, സ്ത്രീശാക്തീകരണം തുടങ്ങി വിവിധ മേഖലകളില്‍ മുന്നേറുന്ന ഹരിതാഭമായ ഈ നാട് ഇപ്പോള്‍ കനത്ത പ്രതിസന്ധിയിലാണ്. കനത്ത മഴയും മലയിടിച്ചിലും മൂലം ദുരിതം നേടുകയാണിവര്‍. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ ഈ നാട്ടുകാര്‍ ഒന്നിച്ചുനില്‍ക്കുകയാണ്. ഒപ്പം നമ്മളും ചേരണം' - ഓക്സ്ഫഡ് സര്‍വകലാശാലയിലെ അമേലിയ റോക്ക്, ഷാര്‍ലറ്റ് സതര്‍ലന്‍ഡ്, മില്ലിസെന്റ് ക്രൂ എന്നീ മൂന്ന് വിദ്യാര്‍ഥിനികള്‍ ഒരുമിച്ചുപറയുന്നു.
കേരളത്തിലേക്ക് ഇന്റേണ്‍ഷിപ്പിനായി വന്ന ഇവര്‍ ഈ നാടിനെ തുണയ്ക്കാന്‍ തയ്യാറാക്കിയ റീല്‍ വിദേശത്തുള്‍പ്പെടെ പ്രചരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നല്‍കണമെന്ന് ഇവര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. ഓക്സ്ഫഡ് സര്‍വകലാശാലയിലെ ബിരുദ-ബിരുദാനന്തര വിദ്യാര്‍ഥിനികളായ ഇവര്‍ മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തൃശ്ശൂര്‍ മിണാലൂരിലെ ഇന്‍മൈന്‍ഡിലാണ് ഇന്റേണ്‍ഷിപ്പിന് വന്നത്.