ലണ്ടന്‍: യുകെയില്‍ പലയിടങ്ങളിലും അക്രമമഴിച്ചുവിട്ട് തീവ്രവലതുപക്ഷ സംഘങ്ങള്‍. സൗത്ത്‌പോര്‍ട്ടിലുണ്ടായ മൂന്ന് പെണ്‍കുട്ടികളുടെ കൊലപാതകത്തിന് പിന്നാലെ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍, സണ്ടര്‍ലാന്‍ഡ്, ഹള്‍, ബെല്‍ഫാസ്റ്റ്, ലീഡ്സ് എന്നിവിടങ്ങളില്‍ തീവ്രവലതുപക്ഷക്കാര്‍ നടത്തിയ പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയായിരുന്നു. പ്രതിഷേധക്കാരും പോലീസും തമ്മില്‍ പലയിടങ്ങളിലും ഏറ്റുമുട്ടലും നടന്നു. ജൂലൈ 29ന് സൗത്ത്‌പോര്‍ട്ടിലെ കുട്ടികള്‍ക്കായുള്ള നൃത്ത പരിശീലന കേന്ദ്രത്തിലാണ് കൊലപാതകം ഉണ്ടായത്. കൊലപാതകത്തിന് പിന്നില്‍ മുസ്ലിം കുടിയേറ്റക്കാരന്‍ ആണെന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയെ വ്യാജപ്രചാരണങ്ങളും നടന്നിരുന്നു, വെയില്‍സില്‍ ജനിച്ചുവളര്‍ന്ന അക്‌സെല്‍ റുഡാക്ബാന എന്ന പതിനേഴുകാരനാണ് പ്രതിയാക്കി പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കുടിയേറ്റവിരുദ്ധരായ തീവ്രവലതുപക്ഷ സംഘങ്ങള്‍ യുകെ തെരുവുകളില്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. യുകെയില്‍ മുസ്ലിം പള്ളികള്‍ക്ക് സുരക്ഷാ വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.
വടക്കുപടിഞ്ഞാറന്‍ ഇംഗ്ലീഷ് നഗരമായ ലിവര്‍പൂളില്‍ പ്രകടനക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കസേരകളും തീപ്പന്തങ്ങളും കല്ലുകളും വലിച്ചെറിയുന്ന സംഭവങ്ങളും ഉണ്ടായി. നിരവധി ഉദ്യോഗസ്ഥര്‍ക്ക് ഏറ്റുമുട്ടലില്‍ പരുക്കേറ്റിട്ടുണ്ട്. വടക്കന്‍ അയര്‍ലന്‍ഡ് തലസ്ഥാനമായ ബെല്‍ഫാസ്റ്റില്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായി. തെരുവുകള്‍ കയ്യടക്കുന്ന പ്രതിഷേധക്കാര്‍ പലയിടങ്ങളിലും വംശീയ മുദ്രാവാക്യങ്ങളും മുഴക്കുന്നുണ്ട്. ലണ്ടനില്‍ നടന്ന പ്രതിഷേധത്തില്‍, നാസി സല്യൂട്ട് നല്‍കിയതിന് ഉള്‍പ്പെടെ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയത് ബോംബ് സ്ഥാപിച്ചല്ല; ഷോട്ട് റേഞ്ച് പ്രൊജക്ടൈല്‍ ഉപയോഗിച്ചെന്ന് ഇറാന്‍ മധ്യ-ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം നേരിടേണ്ടി വരുന്ന ആദ്യ പ്രതിസന്ധി കൂടിയാണിത്. അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ തീവ്രവലതുപക്ഷമാണെന്ന് കുറ്റപ്പെടുത്തിയ പ്രധാനമന്ത്രി കെയിര്‍ സ്റ്റാമര്‍, ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മുതിര്‍ന്ന മന്ത്രിമാരുമായി സ്റ്റാമര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. രാജ്യത്ത് അക്രമത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു ദശാബ്ദത്തിന് ശേഷം ബ്രിട്ടന്‍ സാക്ഷ്യം വഹിക്കുന്ന അക്രമാസക്തമായ പ്രതിഷേധ പരമ്പരയാണ് ഇപ്പോഴത്തേത്. ഇതിന് കലാപകാരികള്‍ വില കൊടുക്കേണ്ടി വരുമെന്ന മുന്നറിയിപ്പ് ശനിയാഴ്ച ലേബര്‍ പാര്‍ട്ടി മന്ത്രിമാര്‍ നല്‍കിയിരുന്നു. എന്നിരുന്നാലും പ്രതിഷേധങ്ങള്‍ക്ക് ഇപ്പോഴും അയവില്ല. സാധ്യമായ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ പൊലീസിന് ഉണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറും പറഞ്ഞു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ബ്രിട്ടന്റെ തെരുവുകളില്‍ സ്ഥാനമില്ലെന്നും യെവറ്റ് ചൂണ്ടിക്കാട്ടി.