ലണ്ടന്‍: സൗത്ത്‌പോര്‍ട്ട് കത്തിയാക്രമണത്തിലെ പ്രതി കുടിയേറ്റക്കാരനാണെന്ന വ്യാജപ്രചാരണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭ പരമ്പരകള്‍ക്കു ശമനമില്ല. കല്ലേറും പടക്കമേറും കട തീവയ്ക്കലും ഹോട്ടല്‍ ആക്രമണവും ഉള്‍പ്പെടെ സംഭവങ്ങളില്‍ നൂറോളം പേര്‍ അറസ്റ്റില്‍. സ്ഥിതി നിയന്ത്രിക്കാനുള്ള നടപടികളില്‍ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ പൊലീസിനു പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ ബ്രിട്ടനിലെ മുസ്ലിംകളുടെ സുരക്ഷാ ആശങ്ക വര്‍ധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിറത്തിന്റെ പേരില്‍ ജനങ്ങള്‍ ഭീതിയനുഭവിക്കുന്നതു ശരിയല്ലെന്നും നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ലിവര്‍പൂള്‍, ലീഡ്‌സ്, നോട്ടിങ്ങാം, മാഞ്ചസ്റ്റര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രക്ഷോഭക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. കുടിയേറ്റക്കാര്‍ താമസിക്കുന്ന ഒരു ഹോട്ടലിനു നേരെ കല്ലേറുണ്ടായി. സൗത്ത്‌പോര്‍ട്ടില്‍ മൂന്നു പെണ്‍കുട്ടികളുടെ മരണത്തില്‍ കലാശിച്ച കത്തിയാക്രമണത്തിനു പിന്നില്‍ വെയില്‍സില്‍ ജനിച്ച 17 വയസ്സുകാരനാണെന്നതുള്‍പ്പെടെ വസ്തുതകള്‍ പുറത്തുവന്നിട്ടും തീവ്രവലതു സംഘങ്ങളുടെ പ്രക്ഷോഭം തുടരുകയാണ്. കറുത്തവര്‍ഗക്കാരന്‍ പൊലീസിന്റെ വെടിയേറ്റുമരിച്ചതിനെത്തുടര്‍ന്ന് 2011ല്‍ കത്തിപ്പടര്‍ന്നതായിരുന്നു ഇതിനുമുന്‍പ് ബ്രിട്ടനിലുണ്ടായ വലിയ പ്രക്ഷോഭം.