ലണ്ടന്‍: ലിവര്‍പൂളിലെ സൗത്ത് പോര്‍ട്ടില്‍ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ബ്രിട്ടനിലെങ്ങും കത്തിപ്പടരുകയാണ്. ലണ്ടനും മാഞ്ചസ്റ്ററും ബര്‍മിങ്ങാമും ഉള്‍പ്പെടെുള്ള വന്‍ നഗരങ്ങളിലും ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ്, ബ്ലാക്ക്പൂള്‍, ബെല്‍ഫാസ്റ്റ്, ബോള്‍ട്ടണ്‍, മിഡില്‍സ്ബറോ, വേമൌത്ത്, റോതര്‍ഹാം തുടങ്ങി ഇരുപത്തഞ്ചോളം പട്ടണങ്ങളിലുമാണ് മൂന്നു ദിവസമായി കുടിയേറ്റ വിരുദ്ധ കലാപം ആളിക്കത്തുന്നത്.
അക്രമികളെ നേരിടാന്‍ പലേടത്തും കുടിയേറ്റക്കാരും സംയുക്തമായി രംഗത്തിറങ്ങിയതോടെ പല നഗരങ്ങളും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷഭൂമിയായി. നിരവധി പേര്‍ക്ക് അക്രമങ്ങളില്‍ പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. അനധികൃത ബോട്ടുകളിലൂടെ ഇംഗ്ലിഷ് ചാനല്‍കടന്ന് അഭയാര്‍ഥി സ്റ്റാറ്റസിനായി കാത്തിരിക്കുന്ന ഒന്നുമില്ലാത്ത പാവങ്ങള്‍ക്കുനേരേയാണ് പ്രതിഷേധക്കാരുടെ ഏറ്റവും വലിയ രോഷപ്രകടനം. റോതര്‍ഹാമില്‍ ഇത്തരത്തില്‍ അഭയാര്‍ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോളിഡേ ഇന്‍ ഹോട്ടലിന്റെ ജനല്‍ചില്ലുകളും മറ്റും അടിച്ചുതകര്‍ത്ത അക്രമികള്‍ വാഹനങ്ങള്‍ കത്തിച്ചും മറ്റും പ്രതിഷേധം ശക്തമാക്കി. അക്രമികളെ ബലംപ്രയോഗിച്ച് നീക്കം ചെയ്താണ് പൊലീസ് തീയണച്ചത്.
വിവിധ അക്രമസംഭവങ്ങളില്‍ പത്തോളം പൊലീസുകാര്‍ക്ക് പരുക്കേറ്റു. വിവധ സ്ഥലങ്ങളില്‍നിന്നായി ഇരുന്നൂറോളം അക്രമികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധങ്ങള്‍ സമാധാനപരമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ആഹ്വാനം ചെയ്തു. വിവിധ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പലസ്ഥലങ്ങളിലും ആരാധനയലങ്ങള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കുടിയേറ്റക്കാര്‍ക്കെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും ബ്രിട്ടനിലെ മലയാളി സമൂഹം കനത്ത ആശങ്കയിലാണ്. രാത്രിവൈകിയും മറ്റും ജോലികഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നവരും ഡെലിവറി ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ മലയാളികളാണ് ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടത്. ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളുമായി ബ്രിട്ടനിലെ ഓരോ ചെറു പട്ടണങ്ങളിലും നൂറുകണക്കിന് മലയാളികളാണുള്ളത്.
സൗത്ത് പോര്‍ട്ടിലെ ഹാര്‍ട്ട് സ്ട്രീറ്റില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഡാന്‍സ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമി പത്തുവയസ്സിനു താഴെമാത്രം പ്രായമുള്ള പതിനൊന്നു കുഞ്ഞുങ്ങളെ കുത്തിവീഴ്ത്തി. ഈ സംഭവത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ സമൂഹ മാധ്യമ പ്രചാരണമാണ് കലാപത്തിന് കാരണമായത്.അക്രമം തടയാന്‍ ശ്രമിച്ച ഡാന്‍സ് ടീച്ചര്‍ക്കും സഹായിക്കും ഗുരുതരമായി കുത്തേറ്റു. പരിക്കേറ്റ ടീച്ചറും അഞ്ചു കുട്ടികളും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. ഇതിനിടെ സൗത്ത്‌പോര്‍ട്ടിലെ കലാപം രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്നു. ഏറെ നാളായി അടക്കിപ്പിടിച്ചിരുന്ന കുടിയേറ്റ വിരുദ്ധ വികാരം പരസ്യമാക്കി തീവ്രവലതുപക്ഷ നിലപാടുകാര്‍ നിരത്തിലിറങ്ങി.
മുഖം പരിപൂര്‍ണമായും മറയ്ക്കുന്ന മാസ്‌ക് ധരിച്ചാണ് പല സ്ഥലങ്ങളിലും അക്രമികള്‍ അഴിഞ്ഞാടിയത്. ഇതോടെ മുഖം പരിപൂര്‍ണമായി മറച്ച് പ്രതിഷേധത്തിന് എത്തുന്നവരെ പൊലീസ് അറസ്റ്റ്‌ചെയ്തു. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കി. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയുമായി നടന്ന അക്രമസംഭവങ്ങള്‍ ഇന്നലെയും രാജ്യത്തിന്റെ പലഭാഗത്തും ആവര്‍ത്തിക്കുന്ന കാഴ്ചാണ് കണ്ടത്. വാരാന്ത്യത്തിന്റെ ഇടവേള കഴിഞ്ഞാല്‍ അക്രമികളെ നിയന്ത്രിച്ച് സ്ഥിതിഗതികള്‍ പൂര്‍വസ്ഥിതിയില്‍ ആക്കാമെന്നാണ് പൊലീസിന്റെ വിശ്വാസം. അക്രമികള്‍ക്കെതിരേ ശക്തമായ നിലപാടാണ് ബ്രിട്ടനിലെ പുതിയ സര്‍ക്കാരും മുഖ്യ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും സ്വീകരിക്കുന്നത്.