ലണ്ടന്‍: അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധങ്ങള്‍ സമാധാനപരമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ആഹ്വാനം ചെയ്തു. അക്രമത്തിന്റെ ഭാഗമായവര്‍ ഖേദിക്കേണ്ടിവരുമെന്ന് തീവ്ര വലതുപക്ഷ പ്രതിഷേധക്കാര്‍ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ മുന്നറിയിപ്പ് നല്‍കി. തൊലിയുടെ നിറം നോക്കിയുള്ള അക്രമം അടിച്ചമര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിവിധ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പലസ്ഥലങ്ങളിലും ആരാധനയലങ്ങള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. കുടിയേറ്റക്കാര്‍ക്കെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും ബ്രിട്ടനിലെ മലയാളി സമൂഹം കനത്ത ആശങ്കയിലാണ്. രാത്രിവൈകിയും മറ്റും ജോലികഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നവരും ഡെലിവറി ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ മലയാളികളാണ് കൂടുതല്‍ ആശങ്കയിലായിരിക്കുന്നത്. കഴിഞ്ഞാഴ്ച്ചയാണ് സൗത്ത്പോര്‍ട്ടില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികളെ 17കാരന്‍ കുത്തിക്കൊന്നത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. റുവാണ്ടന്‍ മാതാപിതാക്കളുടെ മകനായി ബ്രിട്ടനില്‍ ജനിച്ച പതിനേഴുകാരനായ ആക്സല്‍ മുഗന്‍വ റുഡകുബാനയാണ് ഈ ക്രൂരമായ ആക്രമണം നടത്തിയത്.