ന്യൂഡല്‍ഹി: ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിന്‍ഡന്‍ വ്യോമത്താവളം വിട്ടു. ബംഗ്ലദേശ് വ്യോമസേനയുടെ സി-130ജെ വിമാനം രാവിലെ 9ന് ഇവിടെനിന്ന് പോയതായി വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. വിമാനം അടുത്തലക്ഷ്യകേന്ദ്രത്തിലേക്ക് നീങ്ങിയെന്നാണ് വിവരം. എന്നാല്‍ ഹസീന ഈ വിമാനത്തിലുണ്ടോ, വിമാനം എങ്ങോട്ടേക്കാണ് പോകുന്നത് തുടങ്ങിയ വിവരങ്ങള്‍ അറിവായിട്ടില്ല. ബ്രിട്ടനില്‍ താമസിക്കാന്‍ അനുവാദം ലഭിക്കുന്നതുവരെ ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരുമെന്നായിരുന്നു റിപ്പോര്‍ട്ട്. രാജിവച്ചശേഷം സൈനിക വിമാനത്തില്‍ രാജ്യം വിട്ട അവര്‍ ലണ്ടനിലേക്കുള്ള യാത്രാമധ്യേയാണു യുപിയിലെ ഗാസിയാബാദ് ഹിന്‍ഡന്‍ വ്യോമതാവളത്തില്‍ ഇറങ്ങിയത്.
ബംഗ്ലദേശ് കലാപത്തെ തുടര്‍ന്ന് ഇന്ത്യ-ബംഗ്ലദേശ് അതിര്‍ത്തി മേഖലകളില്‍ ബിഎസ്എഫ് അതീവ ജാഗ്രതയിലാണ്. 4,096 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ളത്. ബിഎസ്എഫ് ഡയറക്ടര്‍ ജനറലിന്റെ ചുമതല വഹിക്കുന്ന ദല്‍ജിത്ത് സിങ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം അതിര്‍ത്തി മേഖലകളില്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തി. ബംഗ്ലാദേശില്‍ പ്രക്ഷോഭകാരികള്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി കൊള്ളയടിച്ചു. രണ്ടു ദിവസത്തെ ഏറ്റുമുട്ടലുകളില്‍ 157 പേരാണ് കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീനയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സന്ദര്‍ശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സുരക്ഷാകാര്യ കാബിനറ്റ് സമിതി യോഗം ചേര്‍ന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അമിത് ഷാ, നിര്‍മല സീതാരാമന്‍, എസ്.ജയശങ്കര്‍ എന്നിവരാണു സമിതിയിലെ അംഗങ്ങള്‍. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പ്രധാനമന്ത്രിയുമായി പ്രത്യേകമായും കൂടിക്കാഴ്ച നടത്തി.