ലണ്ടന്‍: കഴിഞ്ഞ 13 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കലാപത്തിന് സാക്ഷ്യം വഹിക്കുകയാണ് ബ്രിട്ടണ്‍ ഇപ്പോള്‍. കുടിയേറ്റത്തിനെതിരേയുള്ള പ്രതിഷേധ പ്രകടനം വലിയ കലാപത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂന്ന് പെണ്‍കുട്ടികളുടെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രതിഷേധമാണ് കലാപത്തിലേക്ക് നയിച്ചിരിക്കുന്നത്. ലിവര്‍പൂളിന് സമീപമുള്ള സൗത്ത് പോര്‍ട്ടില്‍ സംഘടിപ്പിച്ച ഡാന്‍സ് പാര്‍ട്ടിക്കിടെയാണ് പെണ്‍കുട്ടികള്‍ കത്തിയാക്രമണത്തിന് ഇരയായതും കൊല്ലപ്പെടുന്നതും. ഇതിന് പിന്നാലെ തീവ്രവലുതുപക്ഷ വിഭാഗക്കാര്‍ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. ഇംഗ്ലണ്ടില്‍ സംഭവിക്കുന്നതെന്ത്? കഴിഞ്ഞയാഴ്ച അവസാനത്തോടെ പ്രതിഷേധം ശക്തിപ്രാപിക്കുകയും അഭയം തേടിയവരെ പാര്‍പ്പിച്ചിരുന്ന ഹോളിഡേ ഇന്‍ എക്സ്പ്രസ് ഹോട്ടലില്‍ പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയും ചെയ്തു. വിവിധ നഗരങ്ങളിലും പട്ടണങ്ങളിലും പോലീസും കലാപകാരികളും തമ്മില്‍ ഏറ്റുമുട്ടി.
അഭയം തേടിയ ആളുകള്‍ക്ക് നേരെ നടന്ന അതിക്രമങ്ങളെയും തീവ്ര വലതുപക്ഷ ആക്രമങ്ങളെയും യുകെ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍ അപലപിച്ചു. അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എന്തുവേണമെങ്കിലും ചെയ്തുകൊള്ളാന്‍ അദ്ദേഹം അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. അക്രമത്തിന് തെരുവുകളിലും ഓണ്‍ലൈനിലും സ്ഥാനമില്ലെന്നും 10 ഡൗണിംഗ് സ്ടീറ്റ് ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ''രാജ്യത്തെ ആളുകള്‍ക്ക് സുരക്ഷിതമായി ഇരിക്കാനുള്ള അവകാശമുണ്ട്. അക്രമികള്‍ മുസ്ലീം സമുദായത്തെ ലക്ഷ്യമിടുന്നതാണ് നമ്മള്‍ കണ്ടത്. മുസ്ലിം പള്ളികള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടക്കുകയും, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ ഉറ്റപ്പെടുന്ന അവസ്ഥയുണ്ടാകുകയും ചെയ്തു. അക്രമികള്‍ പോലീസിനെ ആക്രമം അഴിച്ചുവിടുകയും വംശീയ പരാമര്‍ശങ്ങള്‍ക്കൊപ്പം അനിയന്ത്രിതമായ അക്രമങ്ങളും നടക്കുന്നു. തീവ്ര വലതുപക്ഷ കൊള്ളസംഘമെന്ന് അക്രമികളെ വിളിക്കാന്‍ ഞാന്‍ മടിക്കില്ല,'' പ്രധാനമന്ത്രി പറഞ്ഞു.
കടുത്ത ആക്രമണങ്ങളാണ് കലാപകാരികള്‍ യുകെയിലെ വിവിധ ഇടങ്ങളില്‍ അഴിച്ചുവിട്ടത്. ന്യൂനപക്ഷ സമുദായങ്ങളെയാണ് അക്രമികള്‍ ലക്ഷ്യമിട്ടത്. മുസ്ലിം പള്ളികള്‍ വ്യാപകമായി അക്രമിക്കുകയും വീടുകളും കാറുകളും അടിച്ചു തകര്‍ക്കുകയും ചെയ്തു. മുന്‍ യുകെ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ പ്രതിമയും അക്രമികള്‍ നശിപ്പിച്ചു. ഒരു വ്യാജപ്രചാരണം യുകെയില്‍ അക്രമത്തിന് വഴിതുറന്നത് എങ്ങനെ? ലിവര്‍പൂളിന് സമീപമുള്ള സൗത്ത് പോര്‍ട്ടില്‍ നടന്ന ടെയ്ലര്‍ സ്വിഫ്റ്റ് തീമിലുള്ള ഡാന്‍സ് പാര്‍ട്ടിക്കിടെ മൂന്ന് പെണ്‍കുട്ടികള്‍ കത്തിയാക്രമണത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ സാമൂഹികമാധ്യമങ്ങളില്‍ അക്രമി അക്സല്‍ റുദാകുബാനയെക്കുറിച്ച് പ്രചരിച്ച വ്യാജ്യപ്രചാരണമാണ് അക്രമത്തിന് വഴിതുറന്നത്. റുദകുബാന വെയില്‍സിലാണ് ജനിച്ചതെന്നും ഇയാളുടെ മാതാപിതാക്കള്‍ റുവാണ്ടന്‍ സ്വദേശികളാണെന്നും മുസ്ലീം കുടിയേറ്റക്കാരാണെന്നുമുള്ള വ്യാജപ്രചാരണമാണ് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. ഈ തെറ്റായ വിവരത്തിന് വളരെവേഗം പ്രചാരണം ലഭിക്കുകയും തീവ്ര വലതുപക്ഷക്കാരെ പ്രകോപിപ്പിക്കുകയും ചെയ്തു.
അക്രമങ്ങള്‍ കടുപ്പിക്കുന്നതിന് സാമൂഹികമാധ്യമങ്ങള്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. വ്യാജപ്രചരണങ്ങള്‍ പങ്കുവയ്ക്കുന്നതിനും പ്രതിഷേധക്കാരെ അണിനിരത്തുന്നതിനും തീവ്ര വലുപക്ഷ വിഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയെ ആണ് ഉപയോഗിച്ചത്. തുടര്‍ന്ന് രാജ്യമെമ്പാടും അക്രമം പൊട്ടിപ്പുറപ്പെടുകയും കലാപത്തിലേക്ക് നയിക്കുകയുമായിരുന്നു. യുകെയില്‍ 18 വയസ്സിന് താഴെയുള്ള കുറ്റവാളികളുടെ പേരുവിവരങ്ങള്‍ സാധാരണ പുറത്തുവിടാറില്ല. എന്നാല്‍, റുദാകുബാനയ്ക്കെതിരായ വ്യാജപ്രചാരണങ്ങള്‍ക്ക് തടയിടുന്നതിന് ജഡ്ജ് ആന്‍ഡ്രൂ മെനറി ഇതിന് അനുമതി നല്‍കി. അടുത്തിടെ തീവ്ര വലതുപക്ഷ വിഭാഗം ഓണ്‍ലൈനിലൂടെ സംഘടിപ്പിച്ച പ്രതിഷേധങ്ങളിലെല്ലാം കടുത്ത കുടിയേറ്റ വിരുദ്ധ മുദ്രാവാക്യങ്ങളാണ് കണ്ടത്.