ലണ്ടന്‍: ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ഒരാഴ്ചയായിട്ടും തുടരുന്ന സാഹചര്യത്തില്‍ ലണ്ടനിലുള്ള ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ ഇന്ത്യക്കാര്‍ക്കായി സുരക്ഷാ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും തദ്ദേശീയ വാര്‍ത്തകളും മാര്‍ഗനിര്‍ദേശങ്ങളും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ ബന്ധപ്പെടാനായി +44-2078369147 എന്ന ഫോണ്‍ നമ്പറും inf.london@mea.gov.in എന്ന ഇമെയിലും നല്‍കിയിട്ടുണ്ട്.
ബ്രിട്ടനിലെ സൗത്ത് പോര്‍ട്ടില്‍ 3 പെണ്‍കുട്ടികളെ കൗമാരക്കാരന്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവമാണ് വന്‍ പ്രക്ഷോഭത്തിനു വഴിവച്ചത്. അക്രമി അഭയാര്‍ഥികളിലൊരാളാണെന്ന വസ്തുതാവിരുദ്ധമായ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് പ്രക്ഷോഭം ആളിക്കത്തിച്ചു. ബര്‍മിങ്ങാമിലും പ്ലിമത്തിലും ഇന്നലെ അക്രമമുണ്ടായി. വടക്കന്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. നാനൂറോളം പ്രക്ഷോഭകാരികള്‍ അറസ്റ്റിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ അറസ്റ്റിലാകുന്ന സാഹചര്യത്തില്‍ രാജ്യത്തെ ജയിലുകളുടെ ശേഷി കൂട്ടാനുള്ള നടപടി ഊര്‍ജിതമാക്കി. ഇന്ന് ബ്രിട്ടനിലെമ്പാടും 30 റാലികളാണ് പ്രക്ഷോഭകര്‍ സംഘടിപ്പിച്ചിട്ടുള്ളത്. പൊലീസ് നിരീക്ഷണം ശക്തമാക്കി. സൈനികര്‍ ഉള്‍പ്പെടെ പ്രത്യേക സേന രൂപീകരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ അറിയിച്ചു.