ലണ്ടന്‍: സൗത്ത് പോര്‍ട്ടിലെ കത്തിയാക്രമണത്തെ തുടര്‍ന്ന് ബ്രിട്ടനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗം വിളിക്കുന്നു. ആറ് ദിവസമായി നടക്കുന്ന കുടിയേറ്റ വിരുദ്ധ കലാപത്തില്‍ പങ്കെടുത്ത 400 ഓളം പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സൗത്ത് പോര്‍ട്ടില്‍ മൂന്ന് പെണ്‍കുട്ടികളെ കുത്തിക്കൊലപ്പെടുത്തിയ യുവാവിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തെറ്റായ വിവരം പ്രചരിച്ചതിനെ തുടര്‍ന്നാണ് കുടിയേറ്റവിരുദ്ധ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടം ഞായറാഴ്ച അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന രണ്ട് ഹോട്ടലുകള്‍ ആക്രമിക്കുകയും ജനാലകള്‍ക്കു തീവയ്ക്കുകയും ചെയ്തു. പൊലീസിന് നേരെയും കലാപകാരികള്‍ അക്രമം നടത്തുന്നുണ്ട്. തിങ്കളാഴ്ച വൈകുന്നേരം പ്ലിമത്തില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ച പൊലീസിന് നേരെയാണ് ഏറ്റവും ഒടുവില്‍ അക്രമം ഉണ്ടായത്. ബെല്‍ഫാസ്റ്റില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമകാരികള്‍ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞു. വിവിധയിടങ്ങളില്‍ അക്രമത്തില്‍ കടകള്‍ക്കും കാറുകള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
കത്തിയാക്രമണത്തിനു പിന്നില്‍ വെയില്‍സിലെ 17 വയസ്സുകാരനാണെന്നു വ്യക്തമായിട്ടും തീവ്രവലതു സംഘടനകള്‍ പ്രക്ഷോഭം തുടരുന്നതിനെ പ്രധാനമന്ത്രി അപലപിച്ചു. 'ഇതു സംഘടിതമായ അക്രമമാണ്. അക്രമികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും'സ്റ്റാമെര്‍ പറഞ്ഞു. കലാപങ്ങളില്‍ പങ്കെടുത്തവര്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നും കലാപങ്ങള്‍ക്ക് നേരിട്ടോ, ഓണ്‍ലൈന്‍ വഴിയോ നേതൃത്വം നല്‍കുന്നവര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയില്ലെന്ന് സ്റ്റാമെര്‍ മുന്നറിയിപ്പ് നല്‍കി. വിവിധ ഇടങ്ങളില്‍ കലാപങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ബ്രിട്ടനില്‍ 18 വയസ്സില്‍ താഴെയുള്ള കുറ്റാരോപിതരുടെ പേര് വെളിപ്പെടുത്താറില്ല. എന്നാല്‍, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയാന്‍ ആക്‌സല്‍ റുഡകുബാന എന്ന പ്രതിയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ ലിവര്‍പൂള്‍ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം ഇതിനിടയില്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളും രംഗത്ത് എത്തിയിട്ടുണ്ട്. ഓസ്ട്രേലിയ, ഇന്തോനേഷ്യ, നൈജീരിയ, മലേഷ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളാണ് കൂടുതല്‍ കരുതലെടുക്കണം എന്ന നിര്‍ദ്ദേശം തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിരിക്കുന്നത്.