ലണ്ടന്‍: ലിവര്‍പൂളിലെ സൗത്ത് പോര്‍ട്ടില്‍ മൂന്നു കുട്ടികളുടെ ദാരുണമായ കൊലപാതകത്തെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ജനരോഷം കുടിയേറ്റവിരുദ്ധ കലാപമായി ഏഴാം ദിവസവും ബ്രിട്ടനില്‍ തുടരുകയാണ്. പൊലീസ് അതിശക്തമായ നടപടികള്‍ തുടരുമ്പോഴും അക്രമം പൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്നില്ല. ഇന്നലെയും ബെല്‍ഫാസ്റ്റിലും പ്ലിമത്തിലും കുടിയേറ്റക്കാര്‍ക്കുനേരെയും അവരുടെ വീടുകള്‍ക്കും കാറുകള്‍ക്കും നേരെയും അക്രമമുണ്ടായി. ബ്രിട്ടനില്‍ താമസിക്കുന്നവരും വിവിധ ആവശ്യങ്ങള്‍ക്കായി ബ്രിട്ടനിലേക്ക് യാത്രചെയ്യുന്നവരും ജാഗ്രത പാലിക്കണമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ മുന്നറിയിപ്പു നല്‍കി.
വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയള്ളവര്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും പ്രകടനക്കാരെ പ്രകോപിപ്പിക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്നും മലായാളി അസോസിയേഷനുകളുടെ മാതൃസംഘടനയായ യുക്മയും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അക്രമികള്‍ക്കെതിരേ അതിശക്തമായ നടപടി ഉണ്ടാകുമെന്നും ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി അക്രമികളെ ജയിലില്‍ അടയ്ക്കുമെന്നും പ്രധാനമന്ത്രി കിയേര്‍ സ്റ്റാമെര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്നലെ ചേര്‍ന്ന് അടിയന്തര കോബ്ര കമ്മിറ്റി യോഗത്തിനു ശേഷമാണ് പ്രധാനമന്ത്രി അതിശക്തമായ നിലപാടുകള്‍ വ്യക്തമാക്കിയത്. അക്രമികള്‍ക്കെതിരേ ഭീകര വിരുദ്ധ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സണും പറഞ്ഞു. സംഘടിത കലാപം സംഘടിപ്പിക്കുന്നവര്‍ക്കെതിരെ അതിശക്തമായ വകുപ്പുകള്‍ ചുമത്തും. അഞ്ചുവര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാകും കലാപകാരികള്‍ക്കെതിരേ ചുമത്തുക.
ഇതിനിടെ ബെല്‍ഫാസ്റ്റില്‍ കലാപകാരികളുടെ അക്രമത്തിനിരയായി മധ്യവയസ്‌കന്റെ നില ഗുരുതരമായി തുടരുകയാണ്. അക്രമത്തെ പ്രതിരോധിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുന്നതിനിടെ നിരവധി പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. രാജ്യത്തെ 120,000 പേരടങ്ങുന്ന പൊലീസ് സേനയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തി പൊലീസ് ഫെഡറേഷന്‍ രംഗത്തെത്തി. 18 മുതല്‍ 20 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലിചെയ്യുന്നതിനിടെയാണ് പല പൊലീസുകാരും പരുക്കേറ്റ് മടങ്ങേണ്ടിവരുന്നതെന്ന് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. റോതര്‍ഹാമില്‍ ഹോളിഡേ ഹോട്ടലിനു നേരെയുണ്ടായ അക്രമം ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ മാത്രം പരുക്കേറ്റത് 51 പൊലീസുകാര്‍ക്കാണ്. ഇന്നും അക്രമസാധ്യതയുള്ള മുപ്പതോളം സംഘടിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരെ നേരിടാനായി ആറായിരത്തോളം പേരടങ്ങുന്ന സേനയെയാണ് പൊലീസ് സജ്ജമാക്കിയിരിക്കുന്നത്. ഹള്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, സ്റ്റോക്ക് ഓണ്‍ ട്രന്‍ഡ്, ബ്ലാക്ക്പൂള്‍, ബെല്‍ഫാസ്റ്റ്, ബോള്‍ട്ടണ്‍, മിഡില്‍സ്ബറോ, വേമൗത്ത്, റോതര്‍ഹാം, പ്ലിമത്ത് തുടങ്ങി ഇരുപത്തഞ്ചോളം പട്ടണങ്ങളിലാണ് ഏഴു ദിവസമായി കുടിയേറ്റ വിരുദ്ധ കലാപം ആളിക്കത്തുന്നത്. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ങാം തുടങ്ങിയ വന്‍ നഗരങ്ങളില്‍ കുടിയേറ്റക്കാര്‍ക്ക് ശക്തമായ സ്വാധീനമുള്ളതിനാല്‍ അക്രമികളുടെ പ്രതിഷേധം ഏതാനും പോക്കറ്റുകളില്‍ മാത്രം ഒതുങ്ങി. അക്രമികളെ നേരിടാന്‍ പലയിടത്തും കുടിയേറ്റക്കാര്‍ സംയുക്തമായി രംഗത്തിറങ്ങിയതോടെ പല നഗരങ്ങളും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷഭൂമിയായി.
നിരവധി പേര്‍ക്കാണ് അക്രമങ്ങളില്‍ പരുക്കേറ്റത്. നിരവധി വാഹനങ്ങള്‍ക്ക് അക്രമികള്‍ തീയിട്ടു. പലസ്ഥലങ്ങളിലും മോസ്‌കുകള്‍ക്കുനേരേ അക്രമികള്‍ തിരിഞ്ഞതോടെ മോസ്‌കിന്റെ സംരക്ഷണത്തിനായി വിശ്വാസികള്‍ രംഗത്തിറങ്ങി. മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങളും നാസി സല്യൂട്ടുമായാണ് തീവ്ര വലതുപക്ഷക്കാരായ അക്രമികളുടെ അഴിഞ്ഞാട്ടം. പലസ്ഥലങ്ങളിലും അഭയാര്‍ഥി ക്യാമ്പുകള്‍ക്കു മുന്നില്‍ തടിച്ചുകൂടി അക്രമികള്‍ മുദ്രാവാക്യം മുഴക്കി. അനധികൃത ബോട്ടുകളിലൂടെ ഇംഗ്ലീഷ് ചാനല്‍ കടന്ന് അഭയാര്‍ഥി സ്റ്റാറ്റസിനായി കാത്തിരിക്കുന്ന ഒന്നുമില്ലാത്ത പാവങ്ങള്‍ക്കുനേരേയാണ് പ്രതിഷേധക്കാരുടെ ഏറ്റവും വലിയ രോഷപ്രകടനം. റോതര്‍ഹാമില്‍ ഇത്തരത്തില്‍ അഭയാര്‍ഥികളെ താമസിപ്പിച്ചിരിക്കുന്ന ഹോളിഡേ ഇന്‍ ഹോട്ടലിന്റെ ജനല്‍ചില്ലുകളും മറ്റും അടിച്ചുതകര്‍ത്ത അക്രമികള്‍ വാഹനങ്ങള്‍ കത്തിച്ചും മറ്റും പ്രതിഷേധം ശക്തമാക്കി. അക്രമികളെ ബലംപ്രയോഗിച്ച് നീക്കം ചെയ്താണ് പൊലീസ് തീയണച്ചത്. വിവധ സ്ഥലങ്ങളില്‍ നിന്നായി അഞ്ഞൂറോളം അക്രമികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമം അവസാനിപ്പിക്കണമെന്നും പ്രതിഷേധങ്ങള്‍ സമാധാനപരമായി മാത്രം നടത്തണമെന്നും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ആഹ്വാനം ചെയ്തു. വിവിധ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പലസ്ഥലങ്ങളിലും മോസ്‌കുകള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി.
നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റിലും രാജ്യത്തിന്റെ തെക്കേ അറ്റമായ പ്ലിമത്തിലും മലയാളികള്‍ക്കു നേരെ ആക്രമണം ഉണ്ടായി. കുടിയേറ്റക്കാര്‍ക്കെതിരേ ഉയരുന്ന ശക്തമായ പ്രതിഷേധത്തിലും അക്രമസംഭവങ്ങളിലും ബ്രിട്ടണിലെ മലയാളി സമൂഹം കനത്ത ആശങ്കയിലാണ്. രാത്രിവൈകിയും മറ്റും ജോലികഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകരും വളരെ റിമോട്ടായ പ്രദേശങ്ങളില്‍ ഡെലിവറി ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മലയാളികളുമാണ് ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടത്. ആരോഗ്യ പ്രവര്‍ത്തകരും വിദ്യാര്‍ഥികളും അവരുടെ കുടുംബാംഗങ്ങളുമായി ബ്രിട്ടണിലെ ഓരോ ചെറു പട്ടണങ്ങളിലും നൂറുകണക്കിന് മലയാളികളാണുള്ളത്. കഴിഞ്ഞദിവസം ലിവര്‍പൂളിനു സമീപമുള്ള തുറമുഖ പട്ടണമായ സൗത്ത് പോര്‍ട്ടില്‍ യുവാവായ അക്രമിയുടെ കുത്തേറ്റ് മൂന്നു പിഞ്ചുകുട്ടികള്‍ മരിച്ച സംഭവത്തിനു തൊട്ടുപിന്നാലെയാണ് സൗത്ത് പോര്‍ട്ടില്‍ ഒരു മോസ്‌കിനു പുറത്ത് തടിച്ചുകൂടി തീവ്രവലതുപക്ഷക്കാരായ ചിലര്‍ ആക്രമണം അഴിച്ചുവിട്ടത്. സൗത്ത്‌പോര്‍ട്ടിലെ ഹാര്‍ട്ട് സ്ട്രീറ്റില്‍ കുട്ടികള്‍ക്കായി നടത്തുന്ന ഡാന്‍സ്- യോഗാ ക്ലാസിലേക്ക് ഓടിക്കയറിയ അക്രമിയാണ് പത്തുവയസിനു താഴെമാത്രം പ്രായമുള്ള പതിനൊന്നു കുഞ്ഞുങ്ങളെ കുത്തിവീഴ്ത്തിയത് അക്രമം തടയാന്‍ ശ്രമിച്ച ഡാന്‍സ് ടീച്ചര്‍ക്കും സഹായിക്കും ഗുരുതരമായി കുത്തേറ്റു. പരുക്കേറ്റ ടീച്ചറും അഞ്ചു കുട്ടികളും ഇനിയും അപകടനില തരണം ചെയ്തിട്ടില്ല.
സംഭവത്തില്‍ പ്രതിയായ യുവാവ് കേവലം 17 വയസ് മാത്രം പ്രായമുള്ള ഒരാളായിരുന്നു. കുടിയേറ്റക്കാരനായ ഈ യുവാവിന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ പേരോ ഫൊട്ടോയൊ പുറത്തുവിടാന്‍ ആദ്യം പൊലീസ് തയാറായില്ല. ഇതേത്തുടര്‍ന്ന് അക്രമി മുസ്ലിം സമുദായത്തില്‍പെട്ട ആളാണെന്ന് ചിലര്‍ സമൂഹമാധ്യമത്തില്‍ നടത്തിയ പ്രചാരണമാണ് അക്രമത്തിന് പ്രചോദനമായത്. ഇതിനിടെ സൗത്ത് പോര്‍ട്ടിലെ കലാപം രാജ്യം മുഴുവന്‍ ആളിപ്പടര്‍ന്നു. ഏറെ നാളായി അടക്കിപ്പിടിച്ചിരുന്ന കുടിയേറ്റ വിരുദ്ധ വികാരം പരസ്യമാക്കി തീവ്രവലതുപക്ഷ നിലപാടുകാര്‍ നിരത്തിലിറങ്ങി. മോസ്‌കുകള്‍ക്കുനേരേ അക്രമം അഴിച്ചുവിടാനും വഴിയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ആക്രമിക്കാനും തുടങ്ങിയതോടെ പ്രതിഷേധക്കാര്‍ക്കുനേരെ പ്രതിരോധവുമായി കുടിയേറ്റക്കാരും പലയിടങ്ങളിലും സംഘടിച്ചു. ഇരുകൂട്ടര്‍ക്കുമിടയില്‍ സംഘര്‍ഷം ഒഴിവാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.