കാല്‍പന്തുകളിയുടെ അങ്കത്തട്ട് കമ്പവലിയുടെ ലോകവേദിയാകുന്നു. സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി ടൂര്‍ണമെന്റ് അടുത്ത മാസം ഏഴിന് മാഞ്ചസ്റ്ററില്‍ നടക്കും. വിതന്‍ഷോവ് പാര്‍ക്ക് അത്ലറ്റിക് സെന്ററാണ് മത്സരവേദി. സമീക്ഷയ്ക്കൊപ്പം വയനാടിനായി വടംവലിക്കാം എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം. മത്സരത്തിന്റെ ലാഭവിഹിതം വയനാടിനായി മാറ്റിവെയ്ക്കാനാണ് സംഘാടകരുടെ തീരുമാനം. ആശ്രയമറ്റ ഒരു കുടുംബത്തിന് വീടുവച്ചു നല്‍കുന്നതിനായുള്ള ധനസമാഹാരണത്തിലേക്ക് ഈ തുക നീക്കിവെയ്ക്കും.
യുകെയുടെ പല ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത് ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. വിജയികള്‍ക്ക് 1,501 പൗണ്ടാണ് സമ്മാനത്തുക. 751 പൗണ്ടാണ് രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്. മൂന്നും നാലും സ്ഥാനക്കാര്‍ക്ക് 501 പൗണ്ടും 251 പൗണ്ടും നല്‍കും. അഞ്ച് മുതല്‍ എട്ട് സ്ഥാനം വരെയുള്ളവര്‍ക്ക് പ്രോത്സാഹന സമ്മാനമായി 101 പൗണ്ടാണ് സമ്മാനം. ഫെയര്‍ പ്ലേ അവാര്‍ഡ് 101 പൗണ്ടും മികച്ച വടംവലിക്കാരന് 51 പൗണ്ട് നല്‍കും. ജേതാക്കള്‍ക്ക് സമ്മാനത്തുകയ്ക്ക്
പുറമെ ട്രോഫിയും കൈമാറും. ലോകനിലവരത്തിലുള്ള കോര്‍ട്ടാണ് ഒരുക്കിയിട്ടുള്ളത്.
രാഷ്ട്രീയ പ്രതിനിധികളുടെയും കലാ-സാസ്‌കാരിക രംഗത്തെ പ്രമുഖരുടെയും സാന്നിധ്യമുണ്ടാകും. മത്സരം കാണാനെത്തുന്നവര്‍ക്ക് വിവിധ സ്റ്റാളുകളില്‍ നിന്നും കേരളീയ ഭക്ഷണം ലഭ്യമാക്കും. കുട്ടികള്‍ക്ക് കളിക്കുന്നതിനായി പ്രത്യേക സൗകര്യമുണ്ടാകും. മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജിജു സൈമണ്‍ (+44 7886410604), അരവിന്ദ് സതീഷ് (+44 7442 665240) |