യുകെയിലെ അതി സമ്പന്നരില്‍ ഒരാളായ മൈക്ക് ലിഞ്ചിനെ കാണാതായി. ഉല്ലാസ ബോട്ട് മറിഞ്ഞാണ് കാണാതായെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിനൊപ്പം 18 വയസുകാരിയായ മകളും ഉണ്ടായിരുന്നു. ഇറ്റാലിയന്‍ ദ്വീപായ സിസിലി തീരത്ത് വച്ച് അപകടമുണ്ടായെന്നാണു റിപ്പോര്‍ട്ട്.
ലിഞ്ച് ഓട്ടോണമി എന്ന സോഫ്റ്റ്വെയര്‍ കമ്പനിയുടെ സഹസ്ഥാപകനാണ് ലിഞ്ച്. ഇന്ത്യന്‍ കറന്‍സി 8000 കോടി രൂപയുടെ ആസ്തി മൈക്ക് ലിഞ്ചിനുണ്ട് എന്നാണു റിപ്പോര്‍ട്ട്.
ബയേഷ്യന്‍ എന്ന പേരുള്ള ഉല്ലാസബോട്ടില്‍ 22 യാത്രക്കാരാണുണ്ടായിരുന്നത്. ഇവരില്‍ ബ്രിട്ടീഷ്, അമേരിക്കന്‍, കനേഡിയന്‍ പൗരന്‍മാരുണ്ട്. അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് 15 പേരെ രക്ഷാസേന രക്ഷപ്പെടുത്തി. ഒരു വയസ് മാത്രമുള്ള ബ്രിട്ടീഷ് പെണ്‍കുഞ്ഞും ഇതില്‍ ഉള്‍പ്പെടുന്നു. ഒരു മരണം സ്ഥിരീകരിച്ചതായും ബിബിസിയുടെ വാര്‍ത്തയില്‍ പറയുന്നു. ബ്രിട്ടീഷ് ടെക് വ്യവസായിയായ മൈക്ക് ലിഞ്ചും അദേഹത്തിന്റെ പതിനെട്ട് വയസുള്ള മകളും കാണാതായവരിലുണ്ട്. ബോട്ടിലെ ഷെഫിനെയും കണ്ടെത്താനായിട്ടില്ല. അതേസമയം ലിഞ്ചിന്റെ ഭാര്യ ആഞ്ചെലാ ബക്കേര്‍സിനെ രക്ഷപ്പെടുത്തി. കടലില്‍ അമ്പത് മീറ്റര്‍ ആഴത്തില്‍ ബോട്ടിന്റെ അവശിഷ്ടങ്ങള്‍ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയുടനീളം തിരച്ചില്‍ ഇവിടെ നടന്നെങ്കിലും കൂടുതല്‍ പേരെ കണ്ടെത്താനായിട്ടില്ല. |