യുക്മ കേരളപൂരം വള്ളംകളി 2024 ന് മൂന്ന് നാള്‍ മാത്രം ബാക്കി നില്‍ക്കെ വള്ളംകളിയില്‍ പങ്കെടുക്കുന്ന 27 ടീമുകളും കഠിന പരിശീലനത്തിന്റെ തിരക്കിലാണ്. ആറാമത് യുക്മ കേരളപൂരം വള്ളംകളിക്ക് ആഗസ്റ്റ് 31 ന് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ തുടക്കം കുറിക്കുമ്പോള്‍, യുക്മ ട്രോഫിയില്‍ മുത്തമിടുന്നത് നിലവിലെ ചാമ്പ്യന്‍മാരാണോ അതോ പുതിയ അവകാശികളുണ്ടാകുമോ എന്നറിയാന്‍ ശനിയാഴ്ച ഫൈനല്‍ മത്സരം പൂര്‍ത്തിയായാല്‍ മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ എന്ന രീതിയിലാണ് കാര്യങ്ങള്‍ പുരോഗമിക്കുന്നത്. ഇത്തവണ 9 ഹീറ്റ്സുകളിലായി മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നത് 27 ടീമുകളാണ്.
മത്സര വള്ളംകളിയില്‍ ബോട്ട് ക്ളബ്ബുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ടീമുകള്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി പാരമ്പര്യമനുസരിച്ച് കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാണ് മത്സരിക്കാനിറങ്ങുന്നത്.
ആദ്യ റൌണ്ടില്‍ 9 ഹീറ്റ്സുകളിലായി 27 വള്ളങ്ങളാണ് മത്സരിക്കുന്നത്. 9 ഹീറ്റ്സുകളില്‍ 3 ടീമുകള്‍ വീതം മത്സരിക്കും. ഓരോ ഹീറ്റ്സിലെയും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍ (18 ടീമുകള്‍) അടുത്ത റൗണ്ടിലേക്ക് പ്രവേശിക്കും. തുടര്‍ന്ന് നടക്കുന്ന 6 മത്സരങ്ങളില്‍ 3 ടീമുകള്‍ വീതം മത്സരിക്കുന്നതുമാണ്. രണ്ടാം റൗണ്ടിലെ 6 മത്സരങ്ങളില്‍ നിന്നുള്ള ആദ്യ സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുന്നതും തുടര്‍ന്ന് 3 ടീമുകള്‍ വീതം മത്സരിക്കുന്ന രണ്ട് സെമിഫൈനല്‍ മത്സരങ്ങളും നടക്കും. സെമിഫൈനലുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ വീതം 4 ടീമുകള്‍ ഫൈനലിലെത്തുന്ന വിധമാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് മുതല്‍ സെമിഫൈനല്‍ ഉള്‍പ്പടെയുള്ള മത്സരങ്ങളില്‍ 3 ടീമുകള്‍ തമ്മിലും ഫൈനലില്‍ 4 ടീമുകളുമായിരിക്കും മത്സരിക്കുക.
പ്രാഥമിക ഹീറ്റ്സുകളില്‍ മത്സരിക്കുന്ന ടീമുകള്‍ സംബന്ധിച്ച തീരുമാനമെടുത്തത് കഴിഞ്ഞ ദിവസം മാന്‍വേഴ്സ് ലേയ്ക്ക്ക്ക്ക്ക് പരിസരത്ത് വള്ളംകളി ടീമുകളുടെ ക്യാപ്റ്റന്‍മാരുടെ യോഗത്തില്‍ നടന്ന നറുക്കെടുപ്പിലൂടെയാണ്. 1, 2, 3 ഹീറ്റ്സുകളില്‍ പങ്കെടുക്കുന്ന വള്ളം, ടീമുകള്‍, ബോട്ട് ക്ളബ്ബ്, ക്യാപ്റ്റന്‍മാര്‍ എന്നിവ താഴെ നല്‍കുന്നു.
ഹീറ്റ്സ് -1
1. എടത്വ - സ്‌കന്തോര്‍പ് ബോട്ട് ക്‌ളബ്ബ്, സ്‌കന്തോര്‍പ്, ഷൈജു പി വര്‍ഗ്ഗീസ്.
ഷൈജു പി വര്‍ഗ്ഗീസ് ക്യാപ്റ്റനായുള്ള സ്‌കന്തോര്‍പ് ബോട്ട് ക്ളബ്ബ് എടത്വ ചുണ്ടനിലാണ് യുക്മ ട്രോഫി വള്ളംകളിക്കെത്തുന്നത്. ചിട്ടയായ പരിശീലനം നടത്തുന്ന സ്‌കന്തോര്‍പ് ടീം ഏറെ പ്രതീക്ഷകളയുര്‍ത്തുന്ന ടീമുകളിലൊന്നാണ്. ചാക്കോ ബില്‍ഡേഴ്സാണ് ടീമിന്റെ സ്പോണ്‍സര്‍.
2. കുമരകം - SKCA ബോട്ട് ക്ലബ് ഷെഫീല്‍ഡ്, അരുണ്‍ ഡൊമിനിക് രാജന്‍
വള്ളംകളിയില്‍ പതിറ്റാണ്ടുകളുടെ പരിചയ സമ്പത്തുള്ള കുട്ടനാട് സ്വദേശി അരുണ്‍ ഡൊമിനിക് രാജന്റെ നേതൃത്വത്തിലാണ് കുരകം വള്ളത്തില്‍ യുക്മ ട്രോഫി കരസ്ഥമാക്കണമെന്ന ആഗ്രഹത്തോടെ SKCA ബോട്ട് ക്ളബ്ബ് ഷെഫീല്‍ഡ് മത്സരത്തിനെത്തുന്നത്. സെനിത്ത് സോളിസിറ്റേഴ്സ് ആണ് ടീമിന്റെ സ്പോണ്‍സേഴ്‌സ്.
3.വെളിയനാട് - ക്രംപ്സാല്‍ മലയാളി ബോട്ട് ക്ലബ്ബ്, നോര്‍ത്ത് മാഞ്ചസ്റ്റര്‍, ബിനു പുഷ്‌ക്കരന്‍
ആദ്യമായി മത്സരത്തിനിറങ്ങുകയാണ് ബിനു പുഷ്‌ക്കരന്‍ ക്യാപ്റ്റനായ വെളിയനാട് ടീം. കഠിനമായ പരിശീലനത്തിനൊടുവിലെത്തുന്ന ടീമിന്റെ സ്പോണ്‍സര്‍മാര്‍ പ്രശസ്ത റിക്രൂട്ടിംങ്ങ് സ്ഥാപനമായ ഏലൂര്‍ കണ്‍സല്‍ട്ടന്‍സിയാണ്.
ഹീറ്റ്സ് - 2
1. പുന്നമട - BCMC ബോട്ട് ക്ലബ്ബ് ബര്‍മിംങ്ങ്ഹാം, രാജീവ് ജോണ്‍
BCMCഅസോസിയേഷന്റെ BCMC ബോട്ട് ക്ലബ്ബിനെ നയിക്കുന്നത് പരിചയസമ്പനായ രാജീവ് ജോണാണ്. യുക്മ മുന്‍ വൈസ് പ്രസിഡന്റ് ലിറ്റി ജിജോ പ്രസിഡന്റായ അസോസിയേഷന്റെ പൂര്‍ണ പിന്തുണ ടീമിനുണ്ട്. ട്രോഫി ബര്‍മിംങ്ങ്ഹാമിലെത്തിക്കുമെന്നുള്ള വാശിയിലാണ് അവരുടെ പടപ്പുറപ്പാട്.
2. നടുഭാഗം - BKCA ബോട്ട് ക്ലബ്ബ് ബാണ്‍സ് ലി, ഷാരോണ്‍ തോമസ്
ഏറെ പ്രശസ്തമായ നടുഭാഗം വള്ളം തുഴയാനെത്തുന്നത് BKCA ബോട്ട് ക്ളബ്ബ് ബാണ്‍സ്ലിയാണ്. എതിരാളികള്‍ക്ക് ശക്തമായ മത്സരം കാഴ്ച വെക്കുവാന്‍ തയ്യാറെടുക്കുന്ന ടീമിനെ നയിക്കുന്നത് ഷാരോണ്‍ തോമസാണ്. GSL ഗ്ലോബല്‍ സ്റ്റഡി ലിംകാണ് ടീമിന്റെ സ്പോണ്‍സേഴ്സ്.
3. ചെറുതന - അബര്‍ ബോട്ട് ക്ലബ്ബ് വെയില്‍സ്, പീറ്റര്‍ താണോലില്‍
യുക്മ ട്രോഫി നേടണമെന്നുള്ള ഉറച്ച തീരുമാനവുമായി എത്തുന്ന അബര്‍ ബോട്ട് ക്ളബ്ബ് വെയില്‍സ് ചെറുതന വള്ളത്തിലാണ് മത്സരത്തിനിറങ്ങുന്നത്. യുക്മ നാഷണല്‍ ജയിന്റ് സെക്രട്ടറി പീറ്റര്‍ താണോലില്‍ ക്യാപ്റ്റനായുള്ള വള്ളം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് ലിമിറ്റഡാണ്.
ഹീറ്റ്സ് - 3
1. കാവാലം - കൊമ്പന്‍സ് ബോട്ട് ക്ലബ്ബ്, ബോള്‍ട്ടന്‍, മോനിച്ചന്‍ കിഴക്കേച്ചിറ
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ കിരീടം നഷ്ടമായത് ഇത്തവണ ചേട്ടന്റെ ടീമില്‍ നിന്നും തിരികെ പിടിക്കുമെന്ന വാശിയിലാണ് ബോള്‍ട്ടന്റെ നായകന്‍ മോനിച്ചന്‍. ഒരു മാസത്തിലേറെയുള്ള കഠിനവും ചിട്ടയുമായ പരിശീലനത്തിന് ശേഷമാണ് ടീം മത്സരത്തിനെത്തുന്നത്. യുക്മ സെക്രട്ടറി കുര്യന്‍ ജോര്‍ജ്, അസോസിയേഷന്‍ പ്രസിഡന്റ് ബേബി ലൂക്കോസ് എന്നിവര്‍ പൂര്‍ണ പിന്തുണയുമായി ടീമിനൊപ്പമുണ്ട്. ഇത്തവണത്തെ വള്ളംകളിയുടെ പ്രധാന സ്പോണ്‍സര്‍മാരായ ടിഫിന്‍ ബോക്സ് ആണ് ബോര്‍ട്ടന്റൈയും സ്പോണ്‍സര്‍മാര്‍ .
2. കൈനടി - സെന്റ്.മേരീസ് ബോട്ട് ക്ലബ്ബ്, കവന്‍ട്രി, ജോര്‍ജ്കുട്ടി പാപ്പന്‍
കവന്‍ട്രിയില്‍ നിന്നും രണ്ട് ടീമുകളാണ് ഇത്തവണത്തെ വള്ളംകളിയില്‍ മത്സരിക്കാനിറക്കുന്നത്. ആദ്യമായാണ് ഒരു സ്ഥലത്ത് നിന്നും രണ്ട് ടീമുകള്‍ മത്സരത്തിനെത്തുന്നത്. അവരുടേയും ലക്ഷ്യം ചാമ്പ്യനാവുക എന്നത് മാത്രമാണ്. ജോര്‍ജ്കുട്ടി പാപ്പന്‍ ക്യാപ്റ്ററ്റനായ ടീം ചിട്ടയായ പരിശീലത്തിനൊടുവിലാണ് മത്സരത്തിനെത്തുന്നത്. ടീമിന്റെ സ്പോണ്‍സര്‍മാര്‍ കവന്‍ട്രിയില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ടിഫിന്‍ ബോക്സ് തന്നെയാണ്.
3. തായങ്കരി - BMA ബോട്ട് ക്ലബ്ബ്, ബാസല്‍റ്റ്ലോ, ജോയിച്ചന്‍ തായങ്കരി
തായങ്കരി വള്ളം തുഴയുന്ന BMA ബോട്ട് ക്ലബ്ബ് ബാസല്‍റ്റ്ലോ ആദ്യമായാണ് മത്സരത്തിനെത്തുന്നത്. കുട്ടനാട് തായങ്കരി സ്വദേശി ജോയിച്ചന്‍ നായകനായ അവരും വലിയ പ്രതീക്ഷയിലാണ് മത്സരത്തിനിറങ്ങുന്നത്. ടീമിനെ സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് യുകെയിലെ പ്രമുഖ കാറ്ററിംഗ് സ്ഥാപനമായ മൈ ലോക്കല്‍ ഇന്ത്യന്‍ - മട്ടാഞ്ചേരിയാണ്. യുക്മ വള്ളംകളിയുടെ കാറ്ററിംഗ് പാര്‍ട്ണര്‍ കൂടിയാണ് മൈ ലോക്കല്‍ ഇന്ത്യന്‍ -
മട്ടാഞ്ചേരി.
യുക്മ-ടിഫിന്‍ ബോക്സ് കേരളപൂരം വള്ളംകളി - 2024 ന്റെ പ്രധാന സ്പോണ്‍സേഴ്സ് ടിഫിന്‍ ബോക്സ്, ലൈഫ് ലൈന്‍ പ്രൊട്ടക്റ്റ് ലിമിറ്റഡ്, ഫസ്റ്റ് കോള്‍, ക്ലബ്ബ് മില്ല്യണയര്‍, പോള്‍ ജോണ്‍ സോളിസിറ്റേഴ്സ്, ട്യൂട്ടേഴ്സ് വാലി, മട്ടാഞ്ചേരി കാറ്ററിംഗ് ടോണ്ടന്‍,
മലബാര്‍ ഗോള്‍ഡ്, തെരേസാസ്, കൂട്ടം,
ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, ഏലൂര്‍ കണ്‍സല്‍റ്റന്‍സി, മലബാര്‍ ഫുഡ്സ് ലിമിറ്റഡ് എന്നിവരാണ്
യുക്മ ദേശീയ സമിതി ഭാരവാഹികളായ ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ കുര്യന്‍ ജോര്‍ജ്, ഡിക്സ് ജോര്‍ജ്, ഷിജോ വര്‍ഗീസ്, ലീനുമോള്‍ ചാക്കോ, പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം, എബ്രഹാം പൊന്നും പുരയിടം, മനോജ്കുമാര്‍ പിള്ള, അലക്സ് വര്‍ഗീസ്, അഡ്വ. എബി സെബാസ്റ്റ്യന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ റീജിയണല്‍ ഭാരവാഹികള്‍, അംഗ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരാണ് വള്ളംകളിയുടെ സംഘാടകര്‍.
വള്ളംകളിയും കേരളീയ കലാരൂപങ്ങളും ആസ്വദിക്കുവാന്‍ മുഴുവന്‍ യുകെ മലയാളികളെയും യുക്മ ദേശീയ സമിതി, ആഗസ്റ്റ് 31 ന് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്, ജനറല്‍ കണ്‍വീനര്‍ അഡ്വ.എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. വള്ളംകളി മത്സരം നടക്കുന്ന മാന്‍വേഴ്സ് തടാകത്തിലേക്കുള്ള പ്രവേശനം പാസ്സ് മൂലം നിയന്ത്രിക്കുന്നതാണ്.
കേരളപൂരം വള്ളംകളി നടക്കുന്ന വേദിയുടെ വിലാസം:-
Manvers Lake
Station Road
Wath-Upon-Dearne
Rotherham
South Yorkshire.
S63 7DG. |