ലണ്ടന്‍: ബ്രിട്ടനിലെ ലെസ്റ്ററില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ ഇന്ത്യന്‍ വംശജനായ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യ പ്രതി കേവലം 14 വയസ്സ് മാത്രം പ്രയമുള്ള ബാലന്‍. രാജ്യത്തെ ആകെ ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞദിവസം ഈ അതിദാരുണമായ കൊലപാതക വാര്‍ത്ത പുറത്തുവന്നത്. സംഭവത്തോടനുബന്ധിച്ച് 13 വയസ്സിനും പത്തുവയസ്സിനും മധ്യേ പ്രായമുള്ള പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മറ്റു നാലുപേരേക്കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരെയെല്ലാം മറ്റു നടപടികളിലേക്ക് കടക്കാതെ തല്‍കാലം വിട്ടയച്ചിരിക്കുകയാണ്. മുഖ്യപ്രതിയായി പൊലീസ് കണ്ടെത്തിയ 14 വയസ്സുള്ള ബാലനെ ഇന്ന് ലെസ്റ്റര്‍ യൂത്ത് കോര്‍ട്ടില്‍ ഹാജരാക്കും. പ്രതി മൈനറായതിനാല്‍ പേരോ ഫോട്ടോയെ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിയമപരമായ തടസങ്ങളുണ്ട്. കഴുത്തിനേറ്റ പരുക്കാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ലെസ്റ്ററിലെ ബ്രൌണ്‍സ്റ്റോണ്‍ പട്ടണത്തിലെ ഫ്രാങ്ക്‌ലിന്‍ പാര്‍ക്കിലാണ് കഴിഞ്ഞദിവസം ഭീം സെന്‍ കോലി എന്ന വൃദ്ധന്‍ (80) അതിദാരുണമായി കൊലചെയ്യപ്പെട്ടത്. വൈകിട്ട് വീട്ടില്‍നിന്നും ഏതാനും വാരെമാത്രം അകലെയുള്ള പാര്‍ക്കില്‍ വളര്‍ത്തുനായയുമായി നടക്കാനിറങ്ങിയ വൃദ്ധനെയാണ് കഴുത്തിന് മുറിവേറ്റ് അത്യാസന്ന നിലയില്‍ കണ്ടെത്തിയത്. പൊലീസ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നില്‍ ഏതാനും കുട്ടികളാണെന്ന് കണ്ടെത്തിയത്. സംഭവത്തോടനുബന്ധിച്ച് സമീപവാസികളായ അഞ്ചുകുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും നാലുപേരെയും ചോദ്യം ചെയ്യലിനുശേഷം തുടര്‍നടപടികള്‍ ഒന്നും സ്വീകരിക്കാതെ വിട്ടയച്ചു. എന്നാല്‍ 14 വയസ്സ് മാത്രം പ്രായമുള്ള ഇവരില്‍ ഏറ്റവും മുതിര്‍ന്ന കുട്ടിയെ കസ്റ്റഡിയില്‍ സൂക്ഷിച്ച് കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് കുറ്റം തെളിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കുന്നു.