ലണ്ടന്‍: വിമാനങ്ങളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി എയര്‍ ഇന്ത്യ. ഇതുവഴി യാത്രക്കാര്‍ക്ക് ആകാശത്ത് വച്ചും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കും. എയര്‍ ഇന്ത്യയുടെ ഡല്‍ഹി-ലണ്ടന്‍ സര്‍വീസിലായിരിക്കും ഇത് ആദ്യമായി ഉള്‍പ്പെടുത്തുക. സെപ്തംബര്‍ രണ്ടിനാണ് എയര്‍ ഇന്ത്യ ഡല്‍ഹി-ലണ്ടന്‍ ട്രിപ്പില്‍ വൈഫൈ ഉള്‍പ്പെടുത്തുന്ന കാര്യം പ്രഖ്യാപിച്ചത്. ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ട് വഴിയാണ് ഈ ട്രിപ്പ് ഉണ്ടായിരിക്കുക. വിമാന യാത്രകളെ വേറെ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ് പുതിയ വൈഫൈ സേവനമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
ലണ്ടന്‍ സര്‍വീസുകള്‍ ദിവസേനെ രണ്ടെണ്ണം വീതമാണ് ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുക. എയര്‍ഇന്ത്യയുടെ A350 വിമാനങ്ങളാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുക. സാറ്റലൈറ്റുകളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് ഉപയോഗിച്ചാണ് മിക്ക കമ്പനികളും വിമാനത്തിലെ യാത്രക്കാര്‍ക്ക് വൈഫൈ എത്തിക്കുക. വിമാനത്തിലെ ആന്റിനകള്‍ സാറ്റലൈറ്റുകളില്‍ നിന്ന് ഇന്റര്‍നെറ്റ് സ്വീകരിക്കും. വിമാനത്തിലെ വൈഫൈ സംവിധാനമുപയോഗിച്ച് അത് യാത്രക്കാര്‍ക്ക് വിതരണം ചെയ്യും. ജെറ്റ്ബ്ലു, നോര്‍വീജിയണ്‍ എയര്‍, യുണൈറ്റഡ് എയര്‍ലൈന്‍സ്, വെര്‍ജിന്‍ അറ്റ്ലാന്‍ഡിക്ക്, ബ്രിട്ടീഷ് എയര്‍വെയ്സ് തുടങ്ങിയ കമ്പനികള്‍ വിമാനയാത്രയില്‍ വൈഫൈ നല്‍കാറുണ്ട്.