ലണ്ടന്‍/എക്സീറ്റര്‍: ബ്രിട്ടന്റെ പല ഭാഗത്തും വരും ദിവസങ്ങളില്‍ കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രമായ എക്സീറ്ററിലെ മെറ്റ് ഓഫീസ് മുന്നറിയിപ്പ്. പലയിടങ്ങളിലും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്ന മുന്നറിയിപ്പ് വെള്ളിയാഴ്ച വരെ നിലനില്‍ക്കും. മഴയെത്തുന്നതോടെ താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴേക്ക് വരും. ഇന്ന് മുതല്‍ മഴ കനക്കുമെന്നാണ് പ്രവചനം. ചിലയിടങ്ങളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. വൈകുന്നേരത്തോടെ പല ഭാഗത്തും മഴ കൂടുതല്‍ ശക്തമാവും. 80 മുതല്‍ 100 മില്ലി മീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മെറ്റ് ഓഫീസ് പറയുന്നത്.
തെക്ക് പടിഞ്ഞാറന്‍ മേഖലയിലായിരിക്കും കനത്ത മഴ ഉണ്ടാവുക. ട്രെയിന്‍ ഗതാഗതവും ചിലയിടങ്ങളില്‍ തടസ്സപ്പെട്ടേക്കാം. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് വരെ കനത്ത കാറ്റിനും സാധ്യത. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലത്ത് താമസിക്കുന്നവര്‍ മുന്‍കരുതലെടുക്കണമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. യാത്രക്ക് പുറപ്പെടും മുന്‍പ് ഗതാഗതം പരിശോധിച്ച് ഉറപ്പു വരുത്തുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം.