Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 13th Oct 2024
 
 
UK Special
  Add your Comment comment
ബ്രിട്ടനില്‍ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ വ്യാപക തെരച്ചില്‍, ഇന്ത്യന്‍ റസ്റ്ററന്റുകള്‍ വെട്ടിലായി
reporter

ലണ്ടന്‍/എസക്‌സ്: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന അനധികൃത തൊഴിലാളികളെ കണ്ടെത്താന്‍ വ്യാപകമായി തിരച്ചില്‍ തുടരുന്നു. യുകെ ബിഎ ഉദ്യോഗസ്ഥരും പൊലീസും പ്രധാനമായും റസ്റ്ററന്റുകള്‍ കേന്ദ്രീകരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. അനധികൃത തൊഴിലാളികളെ ജോലിക്ക് വെച്ചതിനെ തുടര്‍ന്ന് മലയാളികളടക്കം ഉടമസ്ഥരായുള്ള നിരവധി ഇന്ത്യന്‍ റസ്റ്ററന്റുകള്‍ക്ക് വന്‍ തുകയാണ് പിഴ. ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്‌മെന്റ് പുറത്തുവിട്ട രേഖകള്‍ പ്രകാരം റസ്റ്ററന്റുകള്‍ക്കാണ് കൂടുതല്‍ കേസുകള്‍. സ്റ്റഡി വീസ, പോസ്റ്റ് സ്റ്റഡി വീസ, വിവിധ വര്‍ക്ക് വീസകള്‍ എന്നിവ കാലഹരണപ്പെട്ടിട്ടും യുകെയില്‍ നിന്നും മടങ്ങാതെ ഒളിവില്‍ നിന്ന് ജോലി ചെയ്യുന്നവരെയാണ് തിരച്ചിലില്‍ പിടികൂടുന്നത്. പെട്ടെന്ന് ജോലി കിട്ടാനുള്ള സാധ്യതയാണ് ഇവരെ റസ്റ്ററന്റുകളില്‍ ജോലിക്ക് എത്താന്‍ പ്രേരിപ്പിക്കുന്നത്.

ജോലിക്കാരെ കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ മൂലം റസ്റ്ററന്റ് ഉടമകളും ഒരുപരിധിവരെ ഇത്തരം നിയമനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുണ്ട്. ഇന്ത്യന്‍ വംശജര്‍ നടത്തുന്ന സ്ഥാപനങ്ങളിലാണ് കൂടുതലായും ഇത്തരം നിയമനങ്ങള്‍ നടക്കുന്നത് എന്നാണ് പരക്കെ ഉയരുന്ന ആരോപണം. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള പത്തോളം സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി ഹോം ഓഫിസ് പുറത്തുവിട്ട ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്‌മെന്റ് അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന തിരച്ചിലില്‍ അനധികൃത തൊഴിലാളികളെ നിയമിച്ച എസക്സിലെ ഇന്ത്യന്‍ റസ്റ്റോറന്റുകളായ ആകാശ് തന്തൂരിക്ക് 40,000 പൗണ്ട് പിഴയും സുനുസ് കിച്ചണിന് 20,000 പൗണ്ട് പിഴയും ചുമത്തി. അനധികൃത തൊഴിലാളികളുടെ വിളനിലമായി റസ്റ്ററന്റ് മേഖലകള്‍ മാറുന്നതായി പരക്കെ ആരോപണം ഉയരുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ വ്യാപകമാണ്.

ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്‌മെന്റ് പുറത്തുവിട്ട രേഖകള്‍ പ്രകാരം ഡെവണിലെ രജപുത്ര ഇന്ത്യന്‍ റെസ്റ്റോറന്റിന് 80,000 പൗണ്ട് പിഴയാണ് ചുമത്തിയിട്ടുള്ളത്. ഗ്രേറ്റര്‍ ലണ്ടനിലെ ടാസ കബാബ് ഹൗസ്, കെന്റിലെ ബാദ്ഷാ ഇന്ത്യന്‍ ക്യുസീന്‍ എന്നിവയ്ക്ക് 30,000 പൗണ്ട് പിഴ ചുമത്തിയിട്ടുണ്ട്. കെന്റിലെ തന്നെ കറി ലോഞ്ച് ഇന്ത്യന്‍ റസ്റ്ററന്റിന് 15,000 പൗണ്ട് പിഴ ചുമത്തി. ടെല്‍ഫോര്‍ഡിലെ രാജ് ക്യുസിന്‍, ബര്‍മിങ്ഹാമിലെ അലിഷാന്‍ ടേക്ക്എവേ, സ്റ്റോക്ക്-ഓണ്‍-ട്രെന്റിലെ ദേശി മൊമെന്റ്‌സ് കരാഹി ഹൗസ്, ഡെര്‍ബിഷെയറിലെ കാശ്മീര്‍ ഹലാല്‍ മീറ്റ്‌സ്, ലെതര്‍ ഹെഡിലെ കിര്‍ത്തോണ്‍ ഇന്ത്യന്‍ റസ്റ്ററന്റ് എന്നിവയ്ക്ക് 10,000 പൗണ്ട് വീതമാണ് പിഴ ചുമത്തിയത്. നിരവധി അനധികൃത തൊഴിലാളികളെയും ഇവിടങ്ങളില്‍ നിന്നും പിടികൂടി. നിയമവിരുദ്ധമായി ആളുകളെ ജോലിക്ക് എടുക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ ആദ്യ കുറ്റത്തിന് ഒരു തൊഴിലാളിക്ക് 45,000 പൗണ്ട് വരെയും ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് 60,000 പൗണ്ട് വരെയും പിഴ നല്‍കേണ്ടി വരും. അനധികൃത തൊഴിലാളികളെ വ്യാപകമായി കണ്ടെത്തുന്ന സാഹചര്യത്തില്‍ റസ്റ്ററന്റുകള്‍ ഉള്‍പ്പടെ വിവിധ സ്ഥാപനങ്ങളില്‍ തിരച്ചില്‍ തുടരുമെന്ന് ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ പറഞ്ഞു.

അതിര്‍ത്തി സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള ലേബര്‍ പാര്‍ട്ടി പദ്ധതികളുടെ ഭാഗമായി വേനല്‍ക്കാലത്ത് പ്രവര്‍ത്തനങ്ങള്‍ തീവ്രമാക്കാന്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് മുന്‍കൈ എടുക്കുമെന്ന് യെവെറ്റ് കൂപ്പര്‍ പ്രഖ്യാപിച്ചു.

 
Other News in this category

 
 




 
Close Window