സാഹിത്യം, സംസ്‌കാരം, ജീവകാരുണ്യം എന്നീ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ 2022-23 ലെ സാഹിത്യ പുരസ്‌കാരം മേരി അലക്‌സ് തിരുവഞ്ചൂര്‍ (മണിയ)യുടെ 'എന്റെ കാവ്യരാമ രചനകള്‍' എന്ന കവിതാ സമാഹാരം അര്‍ഹമായി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലഭിച്ച നിരവധി കൃതികളില്‍ നിന്നാണ് ഈ കൃതി പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. 'ഈ വസന്തം നിനക്ക് മാത്രം (നോവല്‍- എം.എം.സി.ബുക്ക്‌സ്) 'കൂടു വിട്ട കൂട്ടുകാരന്‍' (ബാല സാഹിത്യം, കൈരളി ബുക്ക്‌സ്), 'എനിക്ക് ഞാന്‍ മാത്രം' (കഥകള്‍, കൈരളി ബുക്ക്‌സ്), 'അവളുടെ നാട്' (കഥകള്‍, എന്‍.ബി.എസ്), 'മനസ്സ് പാഞ്ഞ വഴിയിലൂടെ' (കഥകള്‍, കെ.പി.ആമസോണ്‍ പബ്ലിക്കേഷന്‍) എന്നിവയാണ് പ്രധാനകൃതികള്‍.
മണിയയുടെ കവിതകള്‍ മാനവിക മൂല്യങ്ങള്‍ നിറഞ്ഞതാണെന്നും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രചോദനമാകുമെന്നും ജൂറി അംഗങ്ങളായ ഡോ.പോള്‍ മണലില്‍, കാരൂര്‍ സോമന്‍ (ലണ്ടന്‍), മാത്യു നെല്ലിക്കുന്ന് (അമേരിക്ക), ഡോ.ജയദേവന്‍ അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ ഈ പുരസ്‌കാരം കാക്കനാടന്‍, ബേബി കാക്കശ്ശേരി തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ക്കും ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് ഈ മാസം നടക്കുന്ന ചടങ്ങില്‍ മണിയയ്ക്ക് 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും നല്‍കുമെന്ന് ലണ്ടന്‍ മലയാളി കൗണ്‍സിലിന്റെ പ്രസിഡന്റ് സണ്ണി പത്തനംതിട്ടയും സെക്രട്ടറി ശശി ചെറായിയുമാണ് ഇക്കാര്യം അറിയിച്ചത്. |