ലണ്ടന്‍: ഏഴു പതിറ്റാണ്ടിലേറെ ബ്രിട്ടണെ നയിച്ച എലിസബത്ത് രാജ്ഞിക്ക് സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് ജെയിംസ് പാര്‍ക്കില്‍ സ്മാരകം ഒരുങ്ങുന്നു. തന്റെ ഔദ്യോഗിക വസതിയായിരുന്ന ബക്കിങ്ങാം പാലസിനോട് ചേര്‍ന്നാകും രാജ്ഞിയുടെ സംഭാവനകള്‍ക്കും സല്‍പേരിനും സ്ഥാനത്തിനും ഉചിതമായ സ്മാരകം നിര്‍മിക്കുക. രാജ്ഞിയുടെ പ്രതിമയുള്‍പ്പെടുന്ന ശില്പമാണ് ഇപ്പോള്‍ സ്മാരകമായി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. എങ്കിലും ഇക്കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം ആയിട്ടില്ല. 2026ല്‍ രാജ്ഞിയുടെ നൂറാം ജന്മദിനത്തോടനുബന്ധിച്ചാകും സ്മാരകം രാഷ്ട്രത്തിനു സമര്‍പ്പിക്കുക.
ബക്കിംങ്ങാം പാലസില്‍നിന്നും മിനിറ്റുകള്‍ക്കുള്ളില്‍ നടന്ന് എത്താവുന്ന ദൂരത്താവും സ്മാരകം നിര്‍മിക്കുക. രാജ്ഞിയുടെ മരണത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ നിയമിച്ച കമ്മിറ്റിക്കാണ് സ്മാരകത്തിന്റെ രൂപകല്‍പനയുടെയും നിര്‍മാണത്തിന്റെയും ചുമതല. സെന്റ് ജെയിംസ് പാര്‍ക്കിലെ മാല്‍ബറോ ഗേറ്റിനും ബ്ലൂ ബ്രിഡ്ജിനും മധ്യേയാണ് സ്മാരക നിര്‍മാണത്തിനായി കമ്മിറ്റി നിലവില്‍ കണ്ടെത്തിയിട്ടുള്ള സ്ഥലം. ബക്കിങ്ങാം പാലസിനു നേരേ മുന്നിലായി നിര്‍മിച്ച വിക്ടോറിയ രാജ്ഞിയുടെ സ്മാരകം സെന്റ് ജെയിംസ് പാര്‍ക്കിലെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഇതിനു സമാനമായ രീതിയിലാകും എലിസബത്ത് രാജ്ഞിക്കും സ്മാരകം ഒരുങ്ങുക. സ്മാരകത്തോടനുബന്ധിച്ച് സന്ദര്‍ശകര്‍ക്കായി സെന്റ് ജെയിംസ് പാര്‍ക്കില്‍ കൂടുതല്‍ സേവന സൗകര്യങ്ങള്‍ ഒരുക്കാനും കമ്മിറ്റിക്ക് പദ്ധതിയുണ്ട്. നാളെയാണ് രാജ്ഞിയുടെ രണ്ടാം ചരമ വാര്‍ഷികം. ഈ അവസരത്തില്‍ സ്മാരക നിര്‍മാണത്തിനുള്ള അവസാന രൂപരേഖ തയാറാക്കാനും സര്‍ക്കാര്‍ അനുമതികള്‍ ലഭ്യമാക്കാനുമുള്ള അവസാന ഒരുക്കത്തിലാണ് സ്മാരക നിര്‍മാണ കമ്മിറ്റി.