ലണ്ടന്‍: ഇസ്ലാമോഫോബിയയുടെ വ്യാഖ്യാനം തിരുത്താനൊരുങ്ങി ലേബര്‍ സര്‍ക്കാര്‍. മുസ്ലീങ്ങള്‍ ഇസ്ലാം പടര്‍ത്തിയത് വാളുകളുടെ സഹായത്തോടെയാണെന്ന വാക്യം നിരോധിക്കുന്ന എപിപിജി ഇസ്ലാമോഫോബിയ വിവരണമാണ് പുതിയ ലേബര്‍ ഗവണ്‍മെന്റ് സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. ലേബര്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍ നേതാവ് ജെറമി കോര്‍ബിന്‍ സ്വീകരിച്ച എപിപിപി പ്രകാരം ഇസ്ലാമോഫോബിയ വംശവെറിയില്‍ നിന്നും ഉടലെടുത്തതാണെന്ന നിലപാടായിരുന്നു. എന്നാല്‍ ഇതിനെതിരേ സിഖ് വംശജര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചരിത്രത്തിലെ വളച്ചൊടിക്കുകയും, തങ്ങളുടെ വിശ്വാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനും ഈ തിരുത്തല്‍ വഴിവെയ്ക്കുമെന്നാണ് ബ്രിട്ടനിലെ സിഖ് വംശജരുടെ വാദം. ഇതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് വിംബിള്‍ഡണ്‍ ലോര്‍ഡ് സിംഗ് നേതൃത്വം നല്‍കുന്ന നെറ്റ്വര്‍ക്ക് ഓഫ് സിഖ് ഓര്‍ഗനൈസേഷന്‍സ് ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
ഇസ്ലാമിലേക്ക് മതംമാറാന്‍ വിസമ്മതിക്കുകയും, ഇവര്‍ക്കെതിരെ പോരാടി മുഗള്‍ ഭരണാധികാരികളുടെ കൊലക്കത്തിക്ക് ഇരകളായവരുമാണ് തങ്ങള്‍ ആരാധിക്കുന്ന ഗുരുക്കന്‍മാരും, അവരുടെ കുടുംബാംഗങ്ങളുമെന്ന് എന്‍എസ്ഒ വ്യക്തമാക്കുന്നു. വാള്‍ ഉപയോഗിച്ചാണ് മതം പടര്‍ത്തിയതെന്നും, ന്യൂനപക്ഷങ്ങളെ ഭരണത്തിന് കീഴില്‍ ഇല്ലാതാക്കിയെന്നുമുള്ള വാദങ്ങള്‍ വിലക്കുന്നതില്‍ ആശങ്കയുള്ളതായി ബ്രിട്ടീഷ് സിഖുകള്‍ പറയുന്നു. ഇത് ഇന്നും തുടരുന്നു. അഫ്ഗാനിസ്ഥാനില്‍ ഹിന്ദുക്കളും, സിഖുകളും തുടച്ചുനീക്കപ്പെടുന്നു. ബംഗ്ലാദേശിലും, പാകിസ്ഥാനിലും ന്യൂനപക്ഷ വിശ്വാസികള്‍ വംശഹത്യക്ക് ഇരയാക്കുന്നു, ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.