യുകെയിലെ ജയില്‍ പുള്ളികളെ എസ്തോണിയയിലേക്കു കൊണ്ടു പോകാന്‍ നീക്കം. അവിടെ വാടകയ്ക്ക് എടുക്കുന്ന ജയില്‍ സെല്ലുകളിലേക്ക് യുകെയിലെ കുറ്റവാളികളെ മാറ്റാനാണു ശ്രമം. യുകെയിലെ ജയിലുകളില്‍ തിരക്കേറിയതോടെയാണു നടപടി. സൗത്ത്പോര്‍ട്ട് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നടന്ന കലാപങ്ങളുടെ പ്രത്യാഘാതം നേരിടുകയാണ് ജയിലുകള്‍. ഇതോടെ പുരുഷ ജയിലുകളില്‍ നൂറോളം പേര്‍ക്കുള്ള സ്ഥലം മാത്രമായി കുറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായി 40% തടവ് മാത്രം അനുഭവിച്ച തടവുകാരെ പുറത്തുവിടാനുള്ള വിവാദ തീരുമാനം ഉള്‍പ്പെടെ ഗവണ്‍മെന്റ് കൈക്കൊണ്ടിട്ടുണ്ട്.
ഇംഗ്ലണ്ടിലും, വെയില്‍സിലും ആയിരത്തില്‍ താഴെ തടവുകാര്‍ക്ക് മാത്രമാണ് ഇനി ഇടമുള്ളതെന്ന നില വന്നതോടെയാണ് കടുത്ത നീക്കങ്ങള്‍ നടത്താന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമാകുന്നത്. ബ്രിട്ടീഷ് ജയിലുകളിലെ ആള്‍ത്തിരക്ക് കൈവിട്ടാല്‍ നീതിന്യായ വ്യവസ്ഥ തകരാന്‍ ഇടയുണ്ടെന്ന് പുതിയ ജസ്റ്റിസ് സെക്രട്ടറി ഷബാന മഹ്‌മൂദ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
തിരക്കേറിയ ജയിലുകളില്‍ നിന്നും ആളുകളെ കുറയ്ക്കാനായി പല പദ്ധതികളും ഗവണ്‍മെന്റ് ആലോചിക്കുന്നതായി സ്‌കൈ റിപ്പോര്‍ട്ട് ചെയ്യുന്നു. |