ലണ്ടന്‍: യുകെയില്‍ ഓരോ 90 സെക്കന്‍ഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോര്‍ട്ട്. കാണാതായവരെ സംബന്ധിച്ച കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസക്‌സിലാണ്. ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം കാണാതായവരെ കണ്ടെത്താനുള്ള കേസുകള്‍ ഏകദേശം 23 ല്‍പ്പരമാണ്. നിരവധി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ ആളുകള്‍ വരെ സസക്‌സ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതികളില്‍ ഉള്‍പ്പെടുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ വൃദ്ധരായവര്‍ വരെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ് അധികൃതര്‍. കാണാതായ ആളുകളെ കണ്ടെത്തി ബന്ധുക്കളെ ഏല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന യുകെ ചാരിറ്റിയായ മിസ്സിങ് പീപ്പിളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിട്ടത്.
കാണാതായവരില്‍ ഇന്ത്യന്‍ വംശജരും മലയാളികളും ഉള്‍പ്പെടുന്നു. ഇക്കഴിഞ്ഞ ജൂണില്‍ 15 വയസ്സുകാരിയായ മലയാളി പെണ്‍കുട്ടിയെ കാണാതായിരുന്നു. സസക്‌സ് പൊലീസും മാധ്യമങ്ങളും പുറത്തു വിട്ട തിരച്ചില്‍ നോട്ടീസിനോടുവില്‍ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്ക് അരികില്‍ എത്തിച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സസക്‌സിലെ മൗണ്ട് ഫീല്‍ഡില്‍ നിന്നും ഇന്ത്യന്‍ വംശജയായ 15 വയസ്സുകാരി പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ സസക്‌സ് പൊലീസ് സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചെങ്കിലും കഴിഞ്ഞ ദിവസം നീക്കം ചെയ്തു. കാണാതായവരെ കണ്ടെത്താന്‍ അതാത് പൊലീസ് സ്റ്റേഷനുകള്‍ക്ക് പുറമെ 116 000 എന്ന നമ്പറില്‍ വിളിച്ചോ 116000@missingpeople.org.uk എന്ന ഇമെയിലില്‍ വിവരങ്ങള്‍ അയച്ചോ സൗജന്യമായും രഹസ്യമായും റിപ്പോര്‍ട്ട് ചെയ്യാമെന്ന് മിസ്സിങ് പീപ്പിള്‍ അധികൃതര്‍ അറിയിച്ചു.