ലണ്ടന്‍: ആദ്യത്തെ നിയമപരമായ അന്താരാഷ്ട്ര എഐ ഉടമ്പടിക്ക് യുകെ വേദിയൊരുക്കി. യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളുമായി യുഎസുമായും ചര്‍ച്ച നടത്തിയ ബ്രിട്ടീഷ് പ്രതിനിധികള്‍, ആദ്യത്തെ നിയമപരമായ അന്താരാഷ്ട്ര എഐ ഉടമ്പടി ഒപ്പിടാന്‍ തയാറായതായി അറിയിച്ചു.57 രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മെയ് മാസത്തിലാണ് എഐ കണ്‍വന്‍ഷന്‍ അംഗീകരിച്ചത്. ഉത്തരവാദിത്തമുള്ള നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനിടയില്‍ എഐ ഉണ്ടാക്കിയേക്കാവുന്ന അപകടസാധ്യതകളെ കുറിച്ചും ഈ കണ്‍വന്‍ഷന്‍ ചര്‍ച്ച ചെയ്യുന്നു.
മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും പോലെയുള്ള നമ്മുടെ പഴയ മൂല്യങ്ങളെ നശിപ്പിക്കാതെ പുതിയ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ കണ്‍വെന്‍ഷന്‍ എന്നാണ് ബ്രിട്ടനിലെ നീതിന്യായ മന്ത്രി ഷബാന മഹമൂദ് പ്രസ്താവനയില്‍ പറഞ്ഞത്.എഐ കൂടുതലായി ഉപയോഗിക്കുന്ന ആളുകളുടെ മനുഷ്യാവകാശ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ് ഈ എഐ കണ്‍വന്‍ഷന്‍. ഓഗസ്‌ററില്‍ നിലവില്‍ വന്ന ഇയു എഐ നിയമത്തില്‍ നിന്ന് ഇതു വ്യത്യസ്തമാകുന്നത് ഇങ്ങനെയാണ്. ഇയുവിന്റെ എഐ നിയമം ആഭ്യന്തര വിപണിയില്‍ എഐ സിസ്‌ററങ്ങളുടെ വികസനം, വിന്യാസം, ഉപയോഗം എന്നിവയെ കുറിച്ചുള്ള സമഗ്രമായ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു.