നെടുമ്പാശേരി: എയര്‍ ഇന്ത്യയുടെ ലണ്ടന്‍ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതിനെ തുടര്‍ന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ഇന്നലെ രാവിലെ 10.30ന് കൊച്ചിയിലെത്തി 12.25ന് തിരിച്ചുപോകേണ്ട വിമാനമാണ് റദ്ദാക്കിയത്.
സാങ്കേതിക കാരണങ്ങളാല്‍ വിമാനം ലണ്ടനില്‍ നിന്നെത്തിയില്ല. ഈ വിമാനത്തില്‍ ഇവിടെ നിന്ന് 250 യാത്രക്കാരാണ് പോകേണ്ടിയിരുന്നത്. വിദ്യാര്‍ത്ഥികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. പ്രതിഷേധത്തെ തുടര്‍ന്ന് ചില യാത്രക്കാരെ മുംബയ് വഴിയുള്ള വിമാനത്തില്‍ ലണ്ടനിലേക്ക് അയച്ചു. ബാക്കിയുള്ളവരെ ഹോട്ടലുകളിലേക്ക് മാറ്റി. ഇവരില്‍ ചിലരെ ഇന്ന് പുലര്‍ച്ചെ മുംബൈ വഴി കൊണ്ടുപോകും. ബാക്കിയുള്ളവരെ കൊച്ചിയില്‍ നിന്ന് ചൊവ്വാഴ്ച പുറപ്പെടുന്ന വിമാനത്തില്‍ കൊണ്ടുപോകാമെന്നാണ് അറിയിച്ചിരിക്കുന്നത്.