ലണ്ടന്‍: യുകെയിലെ ഏതൊരു സര്‍ക്കാരിന്റെയും തലവേദനയാണ് എന്‍എച്ച്എസും വെയിന്റിംഗ് ലിസ്റ്റും. ഇതിന് ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനു പരിഹാരവുമായിട്ടാണ് ഹെല്‍ത്ത് സെക്രട്ടറി രംഗത്ത് എത്തിയിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന പ്രമുഖ സര്‍ജന്‍ ലോര്‍ഡ് ഡാര്‍സി നടത്തിയ അന്വേഷണത്തില്‍ കുട്ടികളുടെ വാക്സിനേഷന്‍ നിരക്കില്‍ ഉള്‍പ്പെടെ കുത്തനെ കുറവ് വന്നിട്ടുള്ളതായി കണ്ടെത്തലുണ്ട്. 11 വയസ്സോടെ അമിതവണ്ണം ബാധിച്ച് ആശുപത്രിയിലെത്തുന്ന കുട്ടികളുടെ എണ്ണവും കുത്തനെ വര്‍ദ്ധിച്ചതായാണ് നിരീക്ഷണം.
2029-ലെ അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് എന്‍എച്ച്എസിലെ ഏറ്റവും വലിയ പ്രതിസന്ധിയായ വെയ്റ്റിംഗ് ലിസ്റ്റില്‍ ലക്ഷക്കണക്കിന് കുറവ് വരുത്തേണ്ടതുണ്ടെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. സ്വകാര്യ മേഖലയുടെ ഉപയോഗം ഉള്‍പ്പെടെയുള്ള എന്ത് കാര്യം ചെയ്തിട്ടായാലും വെയ്റ്റിംഗ് ലിസ്റ്റ് കുറച്ച് നിര്‍ത്തുമെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുമെന്നാണ് വെസ് സ്ട്രീറ്റിംഗ് സ്‌കൈ ന്യൂസിനോട് വ്യക്തമാക്കുന്നത്. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാന്‍ എന്‍എച്ച്എസ് സ്വകാര്യ മേഖലയുടെ ശേഷി കൂടി ഉപയോഗിക്കണമെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. 'എന്‍എച്ച്എസിനെ പുനര്‍നിര്‍മ്മിക്കുന്നത് സമയമെടുക്കുന്ന പ്രവൃത്തിയാണ്. ഈ സമയത്ത് ആളുകള്‍ക്ക് വേഗത്തില്‍ സുരക്ഷിതമായി ചികിത്സിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണം', സ്ട്രീറ്റിംഗ് പറഞ്ഞു. എന്‍എച്ച്എസില്‍ പ്രഖ്യാപിച്ച റിവ്യൂ റിപ്പോര്‍ട്ട് പുറത്തുവരാന്‍ ഇരിക്കവെയാണ് സ്ട്രീറ്റിംഗിന്റെ പരാമര്‍ശങ്ങള്‍.