ലണ്ടന്‍: പത്തു വര്‍ഷത്തിനിടെ യുകെയിലേക്ക് കുടിയേറിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2023ല്‍ ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ബ്രിട്ടനില്‍ പഠിക്കാനുള്ള വിസ സ്വന്തമാക്കി എത്തി. 2024ല്‍ ഇതുവരെ രണ്ടു ലക്ഷം പേര്‍ ബ്രിട്ടനിലെത്തി. ഇതില്‍ വലിയൊരു ശതമാനം മലയാളികളും ഉണ്ട്. എന്നാല്‍ പഠനത്തിനായി യുകെയില്‍ എത്തുന്ന ഈ വിദ്യാര്‍ഥികള്‍ വലിയൊരു ചതിക്കുഴിയിലാണ് വീഴുന്നത്. ഇത് ഇവര്‍ തിരിച്ചറിയുന്നത് ഏറെ വൈകിയാണെന്ന് മാത്രം. ബ്രിട്ടനില്‍ നിരവധി തട്ടിക്കൂട്ട് സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോസ്റ്റ് 92 സര്‍വകലാശാലകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. പോസ്റ്റ് 92 സര്‍വകലാശാലകള്‍ എന്നാല്‍ 1992 വരെ ഇവയെല്ലാം പോളിടെക്‌നിക്കുകളായിരുന്നു. 1992നു ശേഷം സര്‍വകലാശാലകളായി മാറിയ വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ് പോസ്റ്റ് 92 എന്ന് വിളിക്കുന്നത്. ഈ പട്ടികയില്‍ വരുന്ന ഏതാണ്ട് എല്ലാ സര്‍വകലാശാലകളും തട്ടിക്കൂട്ട് സംവിധാനമാണ്. ഒരു പാരല്‍ കോളേജിന്റെ നിലവാരം പോലും ഇല്ലാത്തവ. ഏതാണ്ട് ഇത്തരത്തില്‍ 92 സര്‍വകലാശാലകളാണ് വിദേശ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി മാത്രം തുറന്നുവച്ചിരിക്കുന്നത്. ഇത്തരം സര്‍വകലാശാലകളില്‍ ചേരുന്നവരില്‍ ഭൂരിഭാഗം പേരും മലയാളികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാരാണ്. ബ്രിട്ടനിലെത്തുന്ന നമ്മുടെ നാട്ടില്‍ നിന്നുള്ള ഏതാണ്ട് എല്ലാ വിദ്യാര്‍ഥികളും തട്ടിക്കൂട്ട് പോസ്റ്റ് 92 സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ എടുത്താണ് വരുന്നത്. ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്‌സോ രണ്ടുവര്‍ഷത്തെ പോസ്റ്റ്ഗ്രാജ്വേറ്റ് കോഴ്‌സോ ആകും മിക്ക കുട്ടികളും എടുക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇവിടങ്ങളില്‍ ക്ലാസുണ്ടാകൂ. ഒരു ക്ലാസില്‍ അഞ്ഞൂറും ചിലപ്പോള്‍ എഴുന്നൂറുമൊക്കെ കുട്ടികളുണ്ടാകും. പഠനം പേരിന് മാത്രം. എളുപ്പത്തില്‍ പ്രവേശനം ലഭിക്കും, കുറഞ്ഞ ഫീസ് ഇതൊക്കെയാണ് നമ്മുടെ കട്ടികളെ ഇത്തരം സ്ഥാപനങ്ങളിലേക്ക് അടുപ്പിക്കുന്നത്.
വിദേശ വിദ്യാഭ്യാസ ഏജന്‍സികള്‍ക്ക് വലിയ കമ്മീഷനാണ് ഈ സര്‍വകലാശാലകള്‍ നല്‍കുക. അതിനാല്‍ ഭൂരിഭാഗം കുട്ടികളെയും ഇത്തരം സര്‍വകലാശാലകളില്‍ ചേര്‍ക്കാനായിരിക്കും ഏജന്‍സികള്‍ക്കും താല്‍പര്യം. അങ്ങനെ ഏജന്‍സികളുടെ വാക്ക് വിശ്വസിച്ച് പോസ്റ്റ് 92 സര്‍വകലാശാലകളില്‍ പഠിക്കാനെത്തിയ ഏതാണ്ട് ഭൂരിഭാഗം കുട്ടികളും ഇന്ന് അനുഭവിക്കുന്നത് വലിയ മാനസിക സമ്മര്‍ദമാണ്
കാരണം ഇത്തരം സര്‍വകലാശാലകളിലെ പഠനം കൊണ്ട് ബ്രിട്ടനില്‍ നല്ലൊരു ജോലി കിട്ടുക എളുപ്പമല്ല. കിട്ടില്ല എന്നുതന്നെ പറയാം. സാമ്പത്തിക ഞെരുക്കവും തൊഴില്‍ ലഭ്യത കുറവുമൊക്കെ ബ്രിട്ടനിലെ യാഥാര്‍ഥ്യമാണ്. അതിനിടയിലാണ് തട്ടിക്കൂട്ട് സര്‍വകലാശാലകളിലെ ഡിഗ്രിയുമായി നമ്മുടെ നാട്ടിലെ കുട്ടികളും ഇവിടുത്തെ ലേബര്‍ മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്. പഠനം കഴിഞ്ഞ് ഒരു വര്‍ഷവും ഒന്നര വര്‍ഷവുമായിട്ടും ജോലി കിട്ടാത്ത നിരവധി പേരെ കണ്ടു. എല്ലാവരും കടുത്ത വിഷമത്തിലാണ്.
വിദേശ വിദ്യാഭ്യാസം ഇന്ന് വലിയൊരു കച്ചവടമായതുകൊണ്ട് നിരവധി ഏജന്‍സികളാണ് ഈ രംഗത്ത് മത്സരിക്കുന്നത്. കമ്മീഷന്‍ മാത്രം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് കുട്ടികളുടെ ഭാവിയില്‍ എന്ത് ഉത്തരവാദിത്തമാണുഉള്ളത്. കമ്മീഷന്‍ കൂടുതല്‍ തരുന്നത് ആരാണോ ആ സര്‍വകലാശാലയാണ് മികച്ചതെന്നും അവിടെ പഠിച്ചവര്‍ക്കൊക്കെ വലിയ ജോലി കിട്ടിയിട്ടുണ്ടെന്നും ഏജന്‍സികള്‍ പ്രചരിപ്പിക്കും. നാട്ടില്‍ വലിയ വിദേശ വിദ്യാഭ്യാസമേള നടത്തും. ഇതിന്റെയൊക്കെ ഇരകളായി പതിനായിരക്കണക്കിന് കൂട്ടികള്‍ ബ്രിട്ടനിലേക്ക് വന്ന് കുടുങ്ങും. ഇത്തരം തട്ടിക്കൂട്ട് സര്‍വകശാലയില്‍ എത്തി പഠിച്ചാല്‍ ജോലി സാധ്യത ഒരു ശതമാനം പോലും പ്രയോജനപ്പെടുത്താനാകില്ല. ജോലി കിട്ടാതെ പെരുവഴിയിലായി പഠനകാലവും സ്റ്റേ ബാക്ക് കാലവും കഴിഞ്ഞ് തിരിച്ചുപോകേണ്ട അവസ്ഥയിലാകും വിദ്യാര്‍ഥികള്‍.