ലണ്ടന്‍: യുകെയില്‍ ജയില്‍ പ്രതിസന്ധി രൂക്ഷമാണ്. തടവുകാരുടെ എണ്ണം വര്‍ധിച്ചതോടെ ജയിലുകളില്‍ സ്ഥലമില്ലാത്ത അവസ്ഥയായി. ഇതോടെ ശിക്ഷാ കാലാവധി പൂര്‍ത്തിയാകാത്ത തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ഏകദേശം 1750 തടവുകാരെ ഇത്തരത്തില്‍ മോചിപ്പിക്കും. ജയിലുകളിലെ കനത്ത തിരക്ക് ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെ തകര്‍ക്കാന്‍ പോന്നതാണെന്നും അധികൃതര്‍ ന്യായീകരിക്കുന്നു.
എന്നാല്‍ ഇത്രയേറെ തടവുകാര്‍ ഒരേ സമയം പുറത്തുവരുന്നതില്‍ അപകടമുണ്ടെന്ന് എച്ച്എംപി ചീഫ് ഇന്‍സ്പെക്ടര്‍ പ്രിസണ്‍സ് ചാര്‍ലി ടെയ്ലര്‍ പറഞ്ഞു. ഇപ്പോള്‍ 1700-ഓളം പേരും, ഒക്ടോബറോടെ 2000 പേരും പുറത്തുവരും. ഇത് ചില പ്രാദേശിക സമൂഹങ്ങള്‍ അപകടം സൃഷ്ടിക്കും, കൂടാതെ പ്രൊബേഷന്‍ സര്‍വ്വീസുകളും സമ്മര്‍ദത്തിലാകും, ചാര്‍ലി ടെയ്ലര്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം തടവുകാരെ വിട്ടയയ്ക്കുന്നതിന് മുന്നോടിയായി ഇവരുടെ ഇരകളെ വിവരം അറിയിച്ചിട്ടില്ലെന്നതും പ്രതിസന്ധിയാണ്. പല ഇരകള്‍ക്കും ശിക്ഷ പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങുന്ന പ്രതികള്‍ വീണ്ടും തലവേദന സൃഷ്ടിച്ചേക്കാം.