ലണ്ടന്‍: ബ്രിട്ടനില്‍ വാടകക്കാരെ ഇനി മുതല്‍ കാരണം കാണിക്കാതെ പുറത്താക്കാന്‍ സാധിക്കില്ല. ഇത് സംബന്ധിച്ച് ടോറി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ലേബര്‍ സര്‍ക്കാര്‍ പാസാക്കിയേക്കും. റെന്റല്‍ മേഖലയില്‍ നിലവാരം കാത്തുസൂക്ഷിക്കുന്ന റെന്റേഴ്സ് റൈറ്റ്സ് ബില്‍ ലേബര്‍ സഭയില്‍ അവതരിപ്പിക്കും. ഉത്തരവാദിത്വം കാണിക്കാത്ത ലാന്‍ഡ്ലോര്‍ഡ്സിനെതിരെ നടപടിയെടുക്കാനും ബില്‍ നിര്‍ദ്ദേശിക്കുന്നു. ഇംഗ്ലണ്ടിലെ 11 മില്ല്യണ്‍ വാടകക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ഇവരെ അകാരണമായി പുറത്താക്കാനുള്ള അധികാരമാണ് ലാന്‍ഡ്ലോര്‍ഡ്സില്‍ നിന്നും പിടിച്ചെടുക്കുക. മുന്‍ കണ്‍സര്‍വേറ്റീവ് ഹൗസിംഗ് സെക്രട്ടറി മൈക്കിള്‍ ഗോവാണ് സെക്ഷന്‍ 21 പ്രകാരമുള്ള കാരണം പോലുമില്ലാത്ത പുറത്താക്കലുകള്‍ അവസാനിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്.
എന്നാല്‍ ജൂലൈയിലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ലമെന്റില്‍ ബില്‍ പാസാക്കാനും, രാജകീയ അംഗീകാരം നേടാനും സാധിച്ചിരുന്നില്ല. തങ്ങള്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ ഇത് നടപ്പാക്കുമെന്ന് ലേബര്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സഭയില്‍ ബില്‍ എത്തുമ്പോള്‍ ഈ വാഗ്ദാനം പാലിക്കുമെന്നാണ് കരുതുന്നത്. 'വാടക്കാരെ ഏറെ നാളായി മോശം അവസ്ഥയില്‍, അധികാരങ്ങളില്ലാതെ കൈവിട്ട് നില്‍ക്കുകയായിരുന്നു. തങ്ങള്‍ പുറത്താക്കപ്പെടുമെന്ന് ഭയന്ന് ഇതെല്ലാം സഹിക്കേണ്ട അവസ്ഥയായിരുന്നു വാടകക്കാര്‍ക്ക്', ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്നര്‍ പറഞ്ഞു. ഭൂരിപക്ഷം ലാന്‍ഡ്ലോര്‍ഡ്സും ഉത്തരവാദിത്വം കാണിക്കുന്നുണ്ടെങ്കിലും ചെറിയൊരു വിഭാഗം മേഖലയ്ക്ക് നാണക്കേട് സൃഷ്ടിക്കുകയാണ്. ഗവണ്‍മെന്റ് വാടക്കാരെ സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്നതാണ് ബില്‍, റെയ്നര്‍ വ്യക്തമാക്കി. കാരണമില്ലാതെ പുറത്താക്കുന്നതിനെ എതിര്‍ക്കാന്‍ ഈ ബില്‍ വാടക്കാര്‍ക്ക് അധികാരം നല്‍കും. മോഹം സാഹചര്യത്തിലുള്ള വീടുകളില്‍ പെട്ട് കിടക്കേണ്ട അവസ്ഥയും ഒഴിവാകും.