ലണ്ടന്‍: പിറന്നാള്‍ സമ്മാനങ്ങള്‍ ലഭിക്കുന്നതും കൊടുക്കുന്നതും എല്ലാവര്‍ക്കും സന്തോഷമുണ്ടാക്കുന്ന കാര്യങ്ങളാണ്. സര്‍പ്രൈസ് ഗിഫ്റ്റുകളും വിരുന്നുമൊരുക്കി പ്രിയപ്പെട്ടവരെ ഞെട്ടിക്കാറുമുണ്ട്. എന്നാല്‍ ഒരു മുത്തശ്ശി തന്റെ ചെറുമക്കളുടെ 40-ാം പിറന്നാളിനൊരുക്കിവെച്ച ബര്‍ത്ത്‌ഡേ ഗിഫ്റ്റിനെ പറ്റിയുള്ള വാര്‍ത്ത വൈറലായിരിക്കുകയാണ്. 335 കോടി രൂപയാണ് 40 -ാം പിറന്നാള്‍ ദിനത്തില്‍ ചെറുമകന് സമ്മാനമായി ഒരുക്കിവെച്ചിരുന്നത്. കണ്ണുതള്ളിക്കുന്ന ഈ ഗിഫ്റ്റ് നല്‍കണമെങ്കില്‍ മുത്തശ്ശി ചില്ലറക്കാരിയല്ലെന്ന് ഉറപ്പാണ്. ചെറുമകന്‍ ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയും ആ മുത്തശ്ശി അന്തരിച്ച അമ്മ എലിസബത്ത് രാജ്ഞിയുമാണ്. ചെറുമക്കളുടെ സാമ്പത്തിക ഭദ്രത ഭാവിയില്‍ കൂടുതല്‍ ശക്തമാക്കാനായി 1994 ല്‍ മുത്തശ്ശി നടത്തിയ കണക്ക് കൂട്ടലുകളാണ് ഹാരിക്ക് കോളടിച്ചത്. 94-ാം വയസിലാണ് എലിസബത്ത് രാജ്ഞി ചെറുമക്കളായ വില്യം, ഹാരി എന്നിവര്‍ക്കായി 40.4 മില്യണ്‍ ഡോളര്‍ നീക്കിവെച്ചത്.
എന്നാല്‍ അത് ചെറുമക്കളുടെ കൈകളിലേക്ക് എത്തുന്നതിന് ഒരു കാലക്രമവും അമ്മ രാജ്ഞി നിശ്ചയിച്ചുവെച്ചിരുന്നു. ഇരുവര്‍ക്കും 21 വയസ് തികയുമ്പോള്‍ ആദ്യ ഘഡു നല്‍കണം. രണ്ടാം ഘട്ടം നല്‍കേണ്ടത് 40-ാം ജന്മദിനത്തിലുമാകണമെന്നായിരുന്നു ആ വ്യവസ്ഥ. ഈ മാസം 15 ന് ഹാരി കാത്തിരുന്ന 40-ാം പിറന്നാളിലേക്ക് കാലെടുത്ത് വെക്കുകയാണ്. ഒപ്പം മുത്തശ്ശി നിക്ഷേപിച്ചിട്ട് പോയ 'നിധി' കൈകളിലേക്കുമെത്തും. ഒരു ട്രസ്റ്റ് ഫണ്ട് രൂപീകരിച്ചാണ് എലിസബത്ത് കൊച്ചുമക്കള്‍ക്ക് വേണ്ടി പണം നിക്ഷേപിച്ചത്. 2002-ല്‍ 101-ാം വയസ്സിലാണ് രാജ്ഞി അന്തരിച്ചത്. മരണ സമയത്തുണ്ടായിരുന്ന രാജ്ഞിയുടെ മുഴുവന്‍ ആസ്തിയും എലിസബത്ത് രാജ്ഞി 2 ന് വിട്ടുകൊടുത്തുവെന്നാണ് അന്ന് ബക്കിംങ്ഹാം കൊട്ടാരം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞത്. അതിനൊപ്പം രാജ്ഞിയുടെ പെയിന്റിങ്ങുകളും കലാസൃഷ്ടികളും രാജകീയ ശേഖരത്തിലേക്കാണ് രാജ്ഞി നല്‍കിയത്.