ലണ്ടന്‍: രാജ്യത്ത് കെയര്‍ വര്‍ക്കര്‍മാരുടെ അപേക്ഷയില്‍ ഇടിവ്. പുതിയ കണക്കു പ്രകാരം ഏപ്രിലിനും ആഗസ്റ്റിനും ഇടയിലായി ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കായി ലഭിച്ചത് 13,100 അപേക്ഷകള്‍ എന്ന് ഹോം ഓഫീസിന്റെ ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അപേക്ഷിച്ചത് 75,900 പേരായിരുന്നു. ഈ വര്‍ഷം ഏപ്രിലില്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കായി ലഭിച്ചത് 2,300 അപേക്ഷകളായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലഭിച്ചത് 18,300 അപേക്ഷകളും. കെയര്‍ വര്‍ക്കറായി എത്തുമ്പോള്‍ ആശ്രിതരെ കൊണ്ടുവരുന്നത് തടഞ്ഞ സര്‍ക്കാര്‍ തീരുമാനമാണ് കൂടുതല്‍ പേരെയും വിസ അപേക്ഷ നല്‍കുന്നതില്‍ നിന്ന് അകറ്റുന്നത്. കുടിയേറ്റം കുറയ്ക്കാനുള്ള നിയന്ത്രണം പക്ഷെ എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കും. നിലവില്‍ ജീവനക്കാര്‍ കുറവുള്ള ആരോഗ്യ മേഖലയ്ക്ക് കൂടുതല്‍ പ്രതിസന്ധിയുണ്ടായേക്കും. ലേബര്‍ സര്‍ക്കാര്‍ നിയമങ്ങള്‍ പുനപരിശോധിച്ചേക്കും.
കഴിഞ്ഞ മാര്‍ച്ചില്‍ വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ കൊണ്ടുവരുന്നത് വിലക്കികൊണ്ട് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരുന്നു. ഏപ്രിലില്‍, യുകെയിലേക്കുള്ള സ്‌കില്‍ഡ് വിസ ലഭിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി 26,200 ല്‍ നിന്നും 38,700 ആക്കി ഉയര്‍ത്തുകയും ചെയ്തു. അതോടൊപ്പം, വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍, കെയര്‍ സ്ഥാപനങ്ങള്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്യണം.കുടുംബത്തെ കൂടെ കൊണ്ടു വരണമെങ്കിലുള്ള ചുരുങ്ങിയ ശമ്പള പരിധി 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു. ഇത് ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയായെന്നാണ് സൂചന.