ലണ്ടന്‍: 2025 ഒക്ടോബര്‍ 1 മുതല്‍ രാത്രി 9 മണിക്ക് മുന്‍പ് ജങ്ക് ഫുഡ് പരസ്യങ്ങള്‍ ടെലിവിഷനില്‍ കാണിക്കുന്നത് നിരോധിക്കാനുള്ള നടപടി പ്രാബല്യത്തില്‍ വരുമെന്ന് സര്‍ക്കാര്‍. ഈ വര്‍ഷത്തെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ലേബര്‍ പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമായിരുന്നു ഈ തീരുമാനം നടപ്പിലാക്കുമെന്നത്. കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് (ആര്‍ എസ് പി എച്ച് ) നിരോധനത്തെ സ്വാഗതം ചെയ്തു. ആരോഗ്യമുള്ള തലമുറയെ കെട്ടിപ്പടുക്കുന്നതിനുള്ള ചവിട്ടുപടിയാണ് കുട്ടിക്കാലത്തെ പോഷണമെന്നും, അതിനാല്‍ ഈ നടപടി സ്വാഗതാര്‍ഹമാണെന്നും ആര്‍ എസ് പി എച്ചിലെ പോളിസി ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് മേധാവി സൈമണ്‍ ഡിക്‌സണ്‍ ബിബിസി ന്യൂസിനോട് പറഞ്ഞു.
കുട്ടികള്‍ക്കിടയിലെ അമിതവണ്ണത്തെ നേരിടുന്നതിനാണ് ഇത്തരത്തിലൊരു നടപടി. കൂടാതെ, കൊഴുപ്പും ഉപ്പും പഞ്ചസാരയും കൂടുതലുള്ള ഉല്‍പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ പരസ്യങ്ങള്‍ പൂര്‍ണമായും നിരോധിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രി ആന്‍ഡ്രൂ ഗ്വിന്‍ വ്യാഴാഴ്ച കോമണ്‍സില്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഈ പ്രതിസന്ധി എത്രയും പെട്ടെന്ന് നേരിടാനാണ് ആഗ്രഹിക്കുന്നതെന്നും കാലതാമസം ഉണ്ടാവുകയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇംഗ്ലണ്ടിലെ അഞ്ചിലൊന്ന് കുട്ടികളും പ്രൈമറി സ്‌കൂള്‍ തുടങ്ങുമ്പോഴേക്കും അമിതഭാരമുള്ളവരോ പൊണ്ണത്തടിയോടെ ജീവിക്കുന്നവരോ ആണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജങ്ക് ഫുഡ് പരസ്യങ്ങള്‍ കാണുന്തോറും അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാനുള്ള സാധ്യത ഏറുകയാണ്. അതിനാലാണ് രാത്രി 9 മണിക്ക് മുന്‍പ് ഇത്തരത്തിലുള്ള പരസ്യങ്ങള്‍ ടെലിവിഷനില്‍ നിന്ന് ഒഴിവാക്കുന്നത്. 2023 ജനുവരി മുതല്‍ ഈ തീരുമാനം നടപ്പിലാക്കുമെന്ന് മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് അറിയിച്ചിരുന്നു. എന്നാല്‍ ആ തീരുമാനം നടപ്പിലാകാതെ പോയി. പുതിയ തീരുമാനം ഗവണ്‍മെന്റിന്റെ ശക്തമായ നടപടിയെയാണ് സൂചിപ്പിക്കുന്നത്.