ലണ്ടന്‍: ഇന്ന് ഉത്രാടമാണ്. ഓണം ഗംഭീരമാക്കാനായി മലയാളികള്‍ ഉത്രാടപ്പാച്ചില്‍ നടത്തുന്ന ദിനം. ഓണ നാളുകളിലെ പ്രധാന ദിവസമായ തിരുവോണത്തെ വരവേല്‍ക്കാന്‍ ലോകമെമ്പടുമുള്ള മലയാളികള്‍ക്കൊപ്പം യുകെ മലയാളികളും ഒരുങ്ങിക്കഴിഞ്ഞു. യുകെയിലെ പ്രവാസി സമൂഹത്തിന് ഇനിയുള്ള ദിവസങ്ങള്‍ ഓണാഘോഷങ്ങളുടെ ദിനങ്ങളാണ്. തിരുവോണം ഗംഭീരമാക്കാനായി മലയാളികള്‍ ഉത്രാടപ്പാച്ചില്‍ നടത്തുന്ന ദിവസമായതിനാല്‍ യുകെയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് പതിവിലേറെ മലയാളികളെ കാണാന്‍ കഴിയും. മലയാളി കടകളില്‍ തിരുവോണത്തിന് സാധനങ്ങള്‍ വാങ്ങാനാണ് മിക്കവരും പ്രധാനമായും നിരത്തിലിറങ്ങുക. മിക്ക പ്രദേശങ്ങളിലെയും മലയാളി കടകളില്‍ പച്ചക്കറി ഇനങ്ങള്‍ കേരളത്തിലെ പോലെ തന്നെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ഓണവിപണി മുന്‍കൂട്ടിക്കണ്ട് മിക്കവരും പതിവിലേറെ പച്ചക്കറി ഇറക്കുമതി ചെയ്തിരുന്നു. ഇതോടൊപ്പം വസ്ത്ര വിപണിയും ഇന്നും സജീവമാണ്. യുകെയിലെ പ്രധാനപ്പെട്ട വസ്ത്രശാലകളിലും കേരളീയ വസ്ത്രങ്ങള്‍ വില്‍ക്കുന്ന ഓണ്‍ലൈന്‍ സ്ഥാപനങ്ങളിലും തിരക്ക് വര്‍ധിച്ചിട്ടുണ്ട്.
മലയാളിക്കടകളോട് ചേര്‍ന്ന് കേരളീയ വസ്ത്രങ്ങളുടെ വില്പനയും തത്കാലികമായി മിക്കയിടങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഒട്ടുമിക്ക പ്രദേശങ്ങളിലും ഓണാഘോഷങ്ങള്‍ ആരംഭിക്കുന്നതും ഇന്ന് മുതലാണ്. മലയാളി അസോസിയേഷനുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷ പരിപാടികളാണ് അതില്‍ മുഖ്യം. കേരളത്തനിമയാര്‍ന്ന അത്തപ്പൂക്കളമിടീല്‍, മാവേലി, പരമ്പരാഗത കാലപരിപാടിയായ തിരുവാതിര, വിവിധ നൃത്ത ഇനങ്ങള്‍, ചെറു നാടകങ്ങള്‍ എന്നിവ ഉള്‍പ്പടെയുള്ള കലാപരിപാടികളാണ് അസോസിയേഷന്‍ ആഘോഷങ്ങളിലെ മുഖ്യ ആകര്‍ഷണങ്ങള്‍. വാശിയേറിയ വടംവലി ഉള്‍പ്പടെയുള്ള വിവിധ കായിക മത്സരങ്ങളും അസോസിയേഷന്‍ ആഘോഷങ്ങളുടെ ഭാഗമാകും. മിക്കയിടങ്ങളിലും മുഴുവന്‍ ദിന പരിപാടിയായാണ് ആഘോഷങ്ങള്‍ നടക്കുക. യുകെ മലയാളികളുടെ വീടുകളിലും മറ്റും ചെറു സംഘങ്ങളായി ഓണാഘോഷങ്ങള്‍ തുടങ്ങുന്നത് തിരുവോണ ദിവസമായ നാളെ മുതലാണ്. വീടുകളില്‍ ചെറിയ സദ്യയൊരുക്കിയും പൂക്കളമിട്ടും പായസം വച്ചും കേരളത്തിലെപ്പോലെ തന്നെ ഓണം ആഘോഷിക്കും.