ലണ്ടന്‍: പശുക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ബ്രിട്ടന്‍. ഓരോ വര്‍ഷവും മൂവായിരം മുതല്‍ നാലായിരം വരെ മനുഷ്യരെ ആക്രമിക്കുന്ന ഏറ്റവും മാരകമായ മൃഗമായാണ് പശുക്കളെ ബ്രിട്ടന്‍ കണക്കാക്കുന്നത്. 2018 നും 2022 നും ഇടയില്‍ 30 ലധികം പേര്‍ പശുക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി യുകെ സര്‍ക്കാരിന്റെ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) ചൂണ്ടിക്കാണിക്കുന്നു. ഈ സെപ്തംബര്‍ ഒന്നാം തിയതി വെയില്‍സില്‍ പശുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്. 'കൊലയാളി പശുക്കളില്‍' നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാന്‍ പുതിയ നിയമം വേണമെന്ന് നേരത്തെ തന്നെ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.
സാധാരണ പൌരന്മാരേക്കാള്‍ മൂന്നിരട്ടി കര്‍ഷകരാണ് പശുക്കളുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. പശുക്കളുടെ ആക്രമണങ്ങളെ തുടര്‍ന്ന് പ്രതിവര്‍ഷം അഞ്ച് മരണങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. ചിലപ്പോള്‍ ഈ സംഖ്യയില്‍ വര്‍ദ്ധവും പ്രകടമാണ്. അതേസമയം പശുക്കള്‍ പ്രതിവര്‍ഷം മൂവായിരം മുതല്‍ നാലായിരം വരെ ആക്രമണങ്ങളാണ് മനുഷ്യന് നേരെ നടത്തുന്നതെന്നും ഈ രംഗത്തെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആക്രമണങ്ങളെ തുടര്‍ന്ന് ഭാഗ്യകരമായ രക്ഷപ്പെടലുകള്‍, ആഘാതം, ചെറിയ പരിക്കുകള്‍, ഗുരുതരമായ പരിക്കുകള്‍ മുതല്‍ മരണം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
35 ശതമാനത്തോളം ആക്രമണങ്ങളും പരിക്കുകള്‍ക്ക് കാരണമാകുന്നു. ഓരോ വര്‍ഷവും 25 % കര്‍ഷകര്‍ക്ക് അവരുടെ കന്നുകാലികളാല്‍ പരിക്കേല്‍ക്കുന്നുവെന്ന് എച്ച്എസ്ഇയുടെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. 2020 -ല്‍ ഒരു കൂട്ടം പശുക്കളുടെ ആക്രമണത്തില്‍ മൈക്കിള് ഹോംസും (57) ഭാര്യ തെരേസയും കൊല്ലപ്പെട്ടിരുന്നു. ഇരുവരെയും കുത്തി മറിച്ചിട്ട പശുക്കള്‍ രണ്ട് പേരുടെയും മുകളിലൂടെ ഓടുകയായിരുന്നു. ഇതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൈക്കിള്‍ ഹോംസ് സംഭവസ്ഥലത്ത് വച്ചും ഭാര്യ തെരേസ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. മറ്റൊരു സംഭവത്തില്‍, 2023 -ല്‍ വെയില്‍സിലെ കാര്‍മാര്‍ത്തന്‍ഷയറിലെ വിറ്റ്‌ലാന്‍ഡ് മാര്‍ട്ട് കന്നുകാലി വിപണിയില്‍ നിന്ന് രക്ഷപ്പെട്ട ഒരു പശു നഗരമധ്യത്തില്‍ വച്ച് ഹ്യൂ ഇവാന്‍സ് എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.