റെഡ്ഡിച്ച്: യുകെയിലെ റെഡ്ഡിച്ചില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ മരിച്ച അനില്‍ ചെറിയാന്‍(44)- സോണിയ സാറ ഐപ്പ് (39) ദമ്പതികള്‍ക്ക് യുകെയിലെ മലയാളി സമൂഹം അന്ത്യാഞ്ജലി നല്‍കി. കഴിഞ്ഞ ദിവസം ഔവര്‍ ലേഡി ഓഫ് മൗണ്ട് കാര്‍മല്‍ ആര്‍ സി ചര്‍ച്ചില്‍ നടന്ന പൊതുദര്‍ശന ശുശ്രൂഷകളില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറുകണക്കിന് ആളുകളാണ് എത്തി ചേര്‍ന്നത്. രാവിലെ 11.45 ന് ആരംഭിച്ച പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 2 ന് റെഡ്ഡിച്ച് ബറോ സെമിത്തേരിയില്‍ ആണ് സംസ്‌കാര ശുശ്രൂഷകള്‍ നടന്നത്. തുടര്‍ന്ന് ഇരുവരേയും പ്രാദേശിക കൗണ്‍സിലിന്റെ പ്രത്യേക അനുമതിയോടെ ഒരേ കല്ലറയില്‍ അടക്കി.
ഇരുവര്‍ക്കും വിട ചൊല്ലനായി ഉത്രാട നാളില്‍ തിരക്കുകള്‍ മാറ്റിവച്ചാണ് മലയാളി സമൂഹം റെഡ്ഡിച്ചിലെത്തിയത്. സംസ്‌കാര ശുശ്രൂഷകള്‍ക്ക് ബര്‍മിങ്ഹാം ഹോളി ട്രിനിറ്റി ചര്‍ച്ചിലെ സബി മാത്യു മുഖ്യ കാര്‍മികത്വം വഹിച്ചു. സംസ്‌കാര ചടങ്ങില്‍ റെഡ്ഡിച്ച് ബോറോ കൗണ്‍സില്‍ മേയര്‍ ജുമാ ബീഗം, റെഡ്ഡിച്ച് എംപി ക്രിസ്റ്റഫര്‍ ബ്ലോറ എന്നിവര്‍ ഉള്‍പ്പടെ നിരവധി പേര്‍ പങ്കെടുത്തു. റെഡ്ഡിച്ചിലെ മലയാളി സംഘടനയായ കെസിഎ ആണ് സംസ്‌കാര ശ്രുശ്രൂഷകള്‍ക്കുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. സംസ്‌കാരത്തിന് വേണ്ടി വരുന്ന ചെലവുകള്‍ക്കുള്ള തുക കെസിഎ തന്നെ കണ്ടെത്തി നല്‍കുകയായിരുന്നുവെന്ന് കെസിഎ പ്രസിഡന്റ് ജയ് തോമസ്, സെക്രട്ടറി ജസ്റ്റിന്‍ മാത്യു എന്നിവര്‍ അറിയിച്ചു.
നീണ്ട 12 വര്‍ഷത്തെ പ്രണയ ശേഷം ഒന്നിച്ചു ജീവിതം തുടങ്ങിയ അനിലിനും സോണിയയ്ക്കും അപ്രതീക്ഷിതമായ സാഹചര്യങ്ങളിലാണ് ജീവന്‍ നഷ്ടമായത്. അലക്‌സാണ്ട്ര എന്‍എച്ച്എസ് ആശുപത്രിയിലെ നഴ്സായിരുന്ന സോണിയയുടെ ആകസ്മിക വേര്‍പാടില്‍ അനിലിനെ അശ്വസിപ്പിക്കാന്‍ റെഡ്ഡിച്ചിലെ മലയാളി സമൂഹം ഏറെ പ്രയാസപ്പെട്ടിരുന്നു. ധാരാളം സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിച്ചിരുന്ന അനിലിന്റെ അടുത്തേക്ക് നിരവധി പേരാണ് സോണിയയുടെ മരണത്തെ തുടര്‍ന്ന് ആശ്വാസ വാക്കുകളുമായി എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഇതിനിടയില്‍ അനില്‍ ജീവന്‍ വെടിയുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. ഇവരുടെ താമസ സ്ഥലത്തിന് അടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിലാണ് അനിലിനെ കണ്ടെത്തിയത്.
പുലര്‍ച്ചയോടെ മക്കള്‍ ഇരുവരും ഉറങ്ങവേ വീടിന് പുറത്ത് പോയ ശേഷമാകാം അനില്‍ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. 'താന്‍ ഭാര്യ സോണിയയുടെ അടുത്തേക്ക് പോകുകയാണെന്നും, മക്കളെ നോക്കണമെന്നും' വ്യക്തമാക്കിയുള്ള സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ച ശേഷമായിരുന്നു ജീവനൊടുക്കിയത്. ഇത് കണ്ട സുഹൃത്തുക്കളും അയല്‍വാസികളും ചേര്‍ന്ന് നടത്തിയ തിരച്ചിലാണ് മൃതദേഹം വീടിന് പിറക് വശത്തുള്ള ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്. രണ്ടര വര്‍ഷം മുന്‍പാണ് സോണിയയും കുടുംബവും യുകെയില്‍ എത്തിയത്. യുകെയില്‍ എത്തുന്നതിന് മുന്‍പ് കോട്ടയം മന്ദിരം ഹോസ്പിറ്റലിന്റെ നഴ്‌സിങ് കോളജില്‍ ട്യൂട്ടറായും സൗദിയില്‍ നഴ്‌സായും ജോലി ചെയ്യുകയായിരുന്നു സോണിയ. വിവിധ സ്വകാര്യ മോട്ടോര്‍ വാഹന ഡീലര്‍ഷിപ്പ് സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു അനില്‍.
മികച്ച ജീവിതം സ്വപ്നം കണ്ട് ഏറെ പരിശ്രമങ്ങള്‍ക്ക് ഒടുവിലാണ് ഇരുവരും യുകെയില്‍ എത്തിയത്. എന്നാല്‍ അതൊടുവില്‍ ഇത്തരത്തില്‍ അവസാനിച്ചതിന്റെ തേങ്ങലിലാണ് യുകെയിലെയും ഇരുവരുടെയും നാട്ടിലെയും ബന്ധുക്കളും സുഹൃത്തുക്കളും. കോട്ടയം പനച്ചിക്കാട് ചോഴിയകാട് വലിയപറമ്പില്‍ ചെറിയാന്‍ ഔസേഫ് - ലില്ലി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് അനില്‍. ഷെനില്‍, ജോജോ എന്നിവരാണ് സഹോദരങ്ങള്‍. കോട്ടയം പാക്കില്‍ കളമ്പുക്കാട്ട് വീട്ടില്‍ കെ. എ. ഐപ്പ് - സാലി ദമ്പതികളുടെ മൂത്ത മകളാണ് സോണിയ. സോജിന്‍, പരേതയായ ജൂണിയ എന്നിവരാണ് സഹോദരങ്ങള്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ ജീവിതത്തില്‍ ഒരുമിച്ച ഇരുവരും ഒടുവില്‍ മരണത്തിലും ഒരുമിച്ചപ്പോള്‍ ഇരുവരുടെയും മക്കളായ ലിയ (14), ലൂയിസ് (9) എന്നിവരാണ് തനിച്ചായത്. യുകെയിലുള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കരുതലിലും സംരക്ഷണയിലുമുള്ള ലിയയ്ക്കും ലൂയിസിനും യുകെയില്‍ തുടരാനുള്ള സാഹചര്യം ഒരുക്കുമെന്ന് കെസിഎ ഭാരവാഹികള്‍ പറഞ്ഞു.